മണിയാറൻകുടി - ഉടുമ്പന്നൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി

post

റോഡ് ബി.എം ആൻ്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 5 കോടി അനുവദിച്ചു

സർക്കാർ എന്നും മലയോര ജനതയോടൊപ്പം: മന്ത്രി  എ.കെ. ശശീന്ദ്രൻ

ഇടുക്കി മണിയാറൻകുടിയിൽ സംഘടിപ്പിച്ച മണിയാറൻകുടി - ഉടുമ്പന്നൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചു.സംസ്ഥാന സർക്കാർ എന്നും മലയോര ജനതയോടൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.

 കർഷക താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള രണ്ട് നിയമനിർമ്മാണമാണ് ഈ നിയമസഭാ സമ്മേളനത്തിലുണ്ടായിട്ടുള്ളത്. ഗവർണറുടെയും രാഷ്ട്രപതിയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കും. സ്വന്തം വീട്ടുവളപ്പിൽ നട്ട് പിടിപ്പിച്ചതോ സ്വമേധയാ വളർന്ന് വന്നതോ ആയ ചന്ദനമരം പോലും മുറിക്കുന്നതിനുള്ള അനുവാദമില്ലാത്ത  സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങളുടെ പ്രയാസം കർഷക സമൂഹത്തിന് ഉണ്ടാകാൻ പാടില്ല എന്ന കാഴ്ചപ്പാടാണ് നിയമ നിർമ്മാണവുമായി മുന്നോട്ട് വരാൻ സർക്കാരിനെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട കാരണം. മറ്റൊന്ന്, വന്യജീവികളുടെ ആക്രമണം മൂലം പ്രയാസമനുഭവിക്കുന്നവരുടേതാണ്.  കേന്ദ്രത്തിന്റെ കർക്കശമായ നിലപാടാണ് നിലവിലുള്ളത്. ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് പലപ്പോഴായി കേരള നിയമസഭയും സർക്കാർ പ്രതിനിധികളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നുവരെ ആ ശ്രമത്തിന് ഫലമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്, കേന്ദ്രനിയമത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെ ചില ഇളവുകൾ വേണം എന്ന താൽപ്പര്യത്തോടു കൂടി പുതിയൊരു നിയമനിർമ്മാണം നടത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന് അത്യാവശ്യഘട്ടങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള ഒരു അനുവാദമാണ് ഈ ബില്ലിലൂടെ നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ചില ഘട്ടങ്ങളിൽ ചില വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കഴിയും. അതോടെ ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടി വെയ്ക്കുകയോ  മറ്റു തരത്തിലോ നിയന്ത്രിക്കാൻ കഴിയും. വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യനെയും കൃഷിയെയും രക്ഷിക്കാൻ കഴിയും. വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണ് ഉടുമ്പന്നൂർ-  കൈതപ്പാറ -മണിയാറൻകുടി റോഡ്. ഈ റോഡിന്റെ നിർമ്മാണം കാലതാമസം കൂടാതെ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.


സ്വന്തം മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ താൽപ്പര്യമെടുത്ത് ഈ റോഡ് യാഥാർഥ്യമാക്കുന്നതിനു വേണ്ടി ശ്രമിച്ച  മന്ത്രി റോഷി അഗസ്റ്റിനെയും ഡീൻ കുര്യാക്കോസ് എം.പിയെയും രാഷ്ട്രീയ കക്ഷി നേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ‌ിൻ പൊതുസമ്മേളന ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവ്വഹിച്ചു. സംയുക്തമായ ഇടപെടലുകൾ കൊണ്ടാണ് ഈ പദ്ധതി പ്രാവർത്തികമാക്കാൻ സാധിച്ചത്. നാടിന്റെ സർവോത്മകമായ മാറ്റത്തിന് വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. അത്തരത്തിലുള്ള ഒരു പ്രധാന പദ്ധതിയാണിത്. ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമാണിതെന്നും മന്ത്രി പറഞ്ഞു. റോഡ് ബിഎം ആൻ്റ് ബിസി നിലവാരത്തിൽ പണിയുന്നതിനായി ബഡ്ജറ്റിൽ നിന്നും അഞ്ചു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ പ്രഖ്യാപിച്ചു.  ഉദ്ഘാടനസമ്മേളനത്തിന് ശേഷം മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ റോഡ് സന്ദർശിച്ചു.

അഡ്വ.ഡീൻ കുര്യാക്കോസ്  എം.പി. യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീന കെ. എം റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മണിയാറൻകുടിയിൽ നിന്നും 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് റീച്ചുകളിലായി പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി 14.82 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്. നിലവിൽ 6 മീറ്റർ വീതിയിലാണ് റോഡുള്ളത്.  പദ്ധതി പ്രകാരം 8 മീറ്റർ വീതി ആവശ്യമായതിനാൽ  പകരം ഭൂമി റവന്യൂ വകുപ്പ് മുഖേന മറയൂർ വില്ലേജ് ബ്ലോക്ക് നമ്പർ 52-ലെ 30 ഏക്കർ സ്ഥലം സർവ്വേ ചെയ്ത്, വനം വകുപ്പിന് കൈമാറുന്നതിന് പരിവേഷ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് പോൾ,ജോർജ് ജോസഫ്, എം ലതീഷ്., വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ജി സത്യൻ, കോതമംഗലം ഡി.എ.ഫ്.ഒ. സൂരജ് ബെൻ,  ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആൻസി തോമസ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, വിൻസെന്റ് വള്ളാടി, ആലീസ് ജോസ്, സെലിൻ വിത്സൻ, കുട്ടായി കറുപ്പൻ, ടിന്റു സുഭാഷ്, അജേഷ് ചന്ദ്രൻ, തുടങ്ങിയ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക- സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.