ദേവികുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

post

 സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. മാട്ടുപ്പെട്ടിയിലെ കെ.എൽ.ഡി ബോർഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സദസിന്റെ ഉദ്ഘാടനം ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസൺ നിർവഹിച്ചു.

ദേവികുളം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. സെൽവം അധ്യക്ഷത വഹിച്ചു. ദേവികുളം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി സജീവ്കുമാർ. ആർ അവതരിപ്പിച്ചു.

പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വാർഷിക പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പദ്ധതി വിഹിതം, എംപി, എംഎൽഎ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാലിന്യ നിർമ്മാജന പദ്ധതികൾക്കാണ് പഞ്ചായത്ത് കൂടുതൽ മുൻതൂക്കം നൽകുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം സി എഫുകൾ സ്ഥാപിക്കുകയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വയ്ക്കുന്നതിന് ബാഗുകൾ നൽകുകയും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര ഇടങ്ങളിലും ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ ആദ്യത്തെ കണ്ടെയ്നർ എം സി എഫ് ദേവികുളം പഞ്ചായത്തിലെ കുറ്റിയാർവലിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ കീഴിൽ 152 പേർ പാലിയേറ്റീവ്‌ കെയർ പദ്ധതിയിലൂടെ ചികിത്സ നേടുന്നുണ്ട്, 3737 പേർക്ക്

വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ, ലൈഫ് ഭവന പദ്ധതി പ്രകാരം 303 ഭവനരഹിതർക്ക് വീട്, അടിസ്ഥാന സൗകര്യങ്ങളായ റോഡ്, പാലം കെട്ടിടങ്ങൾ എന്നിവയ്ക്കായി 11.35 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രത്യേക അനുമതിയിലൂടെ തോട്ടം മേഖലയിലെ റോഡുകളും മറ്റും നിർമ്മിക്കുന്നതിനും പുനരുദ്ധാരണത്തിനും പഞ്ചായത്ത്‌ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. ദേവികുളം എൽ പി സ്‌കുളിൽ സ്‌മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഒൻപത് ക്ലാസ് റൂമുകൾ സ്മാർട്ട്‌ ആക്കുകയും എൽപി സ്‌കുളുകൾക്ക് ടോയ്ലറ്റ് കോപ്ലക്സുകളും പഞ്ചായത്ത്‌ നിർമിച്ചു നൽകിയിട്ടുണ്ട്. 

     കെഡിഎച്ച്പി കമ്പനിയിൽ നിന്നും ഭൂമി വിട്ട് നൽകുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും 

അതിലൂടെ വിനോദസഞ്ചാര ഇടങ്ങളിൽ കൂടുതൽ ആധുനിക രീതിലുള്ള ടോയ്ലറ്റ് സൗകര്യം, വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം, റോഡുകൾ വീതി കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. 

പഞ്ചായത്ത്‌ പരിസരത്തുനിന്ന് ആരംഭിച്ച ചെണ്ട മേളങ്ങളോട് കൂടിയ ഘോഷയാത്ര വികസനസദസിന് മാറ്റുകൂട്ടി. സദസിന്റെ ഭാഗമായി വിവിധ വാർഡുകളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും വേദിയിലുണ്ടാരുന്നു. സംസ്ഥാനസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോ സദസിൽ പ്രദർശിപ്പിച്ചു. കെ-സ്മാർട്ടിന്റെ ഹെൽപ്പ് ഡെസ്ക് സൗകര്യവും വേദിയിൽ സജ്ജമാക്കിയിരുന്നു.

സദസിന്റെ ഭാഗമായി ഹരിതകർമ്മസേന അംഗങ്ങളെയും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത്‌ ഭരണസമിതി പൊന്നാട അണിയിച്ച് ആദരിച്ചു. അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കുന്ന ഭരണസമിതി അംഗങ്ങൾക്ക് മെമെന്റോ നൽകി. 

യോഗത്തില്‍ പഞ്ചായത്ത്‌ അംഗങ്ങളായ കവിത കുമാർ, പ്രിയങ്ക സെന്തിരൻ, സെന്തിൽകുമാർ, പളനിയമ്മാൾ, പന്നീർസെൽവം, ജയ, പാണ്ടിയരാജ്‌, കാർത്തിക്, റ്റി. കെ പാക്യം, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.