സൈബർ സുരക്ഷാ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം; 40,000 പേർ 7 മാസത്തിനിടെ തിരികെയെത്തി

post

പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു: വളർച്ചാ സൂചനയെന്ന് മന്ത്രി പി. രാജീവ് 

എഫ്9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു.

2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു. രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 30 ദിവസത്തേക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും പൂർണ്ണമായും സൗജന്യമായി നൽകും.

ചെലവ് കാരണം സൈബർ സുരക്ഷാ സേവനങ്ങൾ ലഭിക്കാതെ പോകുന്ന സ്ഥാപനങ്ങൾക്ക്, തങ്ങളുടെ സൈബർ ദുർബലതകളും പ്രതിരോധ സംവിധാനങ്ങളും വിലയിരുത്താൻ ഇതുവഴി സാധിക്കും. സൗജന്യ സേവനത്തിന് പുറമെ, സമഗ്രമായ സുരക്ഷാ ആർക്കിടെക്ചർ അവലോകനവും ലഭിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ കരുത്താകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി സൈബർ കുറ്റകൃത്യങ്ങൾ മാറിയിട്ടുണ്ടെന്ന് പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധനായ ഗോപൻ ശിവശങ്കരൻ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ സാമ്പത്തിക വ്യാപ്തി ഏകദേശം 10.5 ട്രില്യൺ ഡോളറാണ്. സൈബർ കുറ്റവാളികൾ ഉയർത്തുന്ന വെല്ലുവിളികളും അവയെ നേരിടാൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് കെസിഎസ്എസ് 2025 സംഘടിപ്പിച്ചത്. എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സൈബർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയിൽ പ്രധാന ഊന്നൽ.

കെഎസ്‌യുഎം ഡയറക്ടർ ലെഫ്. കമാൻഡർ സജിത്ത് കുമാർ ഇ.വി. (റിട്ട), സോഫോസ് ഡയറക്ടർ ഗോപൻ ശിവശങ്കരൻ, എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ, സിടിഒ രാജേഷ് രാധാകൃഷ്ണൻ, സിഐഎസ്ഒ രാജേഷ് വിക്രമൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചകളും ഉച്ചകോടിയിൽ നടന്നു:

ബിബു പുന്നൂരാൻ (മെഡിവിഷൻ ഗ്രൂപ്പ് സഹസ്ഥാപകൻ), വിനോദിനി സുകുമാരൻ (കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്), നിത്യാനന്ദ് കാമത്ത് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്), വിവേക് ഗോവിന്ദ് (ടിഐഇ കേരള പ്രസിഡന്റ്) എന്നിവർ പങ്കെടുത്ത ചർച്ചക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ ജോ സ്കറിയ മോഡറേറ്ററായിരുന്നു.

എ. ബാലകൃഷ്ണൻ (ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), സംഗീത് കെ.എം. (മെയ്ൻ കാൻകോർ എവിപി), അനിൽ മേനോൻ (ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ), റോബിൻ ജോയ് (എംസൈൻ ടെക്നോളജീസ് ഡയറക്ടർ), വി.വി. ജേക്കബ് (മലയാള മനോരമ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് എസ്എഫ്ഒ ടെക്നോളജീസ് പ്രിൻസ് ജോസഫ് മോഡറേറ്ററായി.