ശ്രദ്ധേയമായി പന്തളം തെക്കേക്കരയില്‍ ചിത്ര പ്രദര്‍ശനം

post

വികസന സദസിന് മുന്നോടിയായി പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടം അക്കമിട്ട് നിരത്തിയ ചിത്ര പ്രദര്‍ശനം തദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാറും വികസന സദസിന് മുന്നോടിയായി നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി.


സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍, ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യ നിര്‍മാര്‍ജനവും ഹരിത സംസ്‌കാരവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്‍ തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടം പ്രദര്‍ശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, സെക്രട്ടറി സി എസ് കൃഷ്ണ കുമാര്‍, കൃഷി ഓഫീസര്‍ സി ലാലി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വികസന സദസ് സംഘടിപ്പിക്കുന്നത്.