സാക്ഷരതാ മിഷന്റെ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീമിന് ലാപ്‌ടോപ്പ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സാക്ഷരതാ മിഷന്റെ കീഴിലുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിലെ പഠിതാക്കള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് പി രാജേന്ദ്രന്‍,ഷൈനി സജി, സോളി ജീസസ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി കെ സജീവ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, സീനിയര്‍ സൂപ്രണ്ട് ആനീസ് പി ജെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.