ഇടുക്കി ജില്ലയിലെ ആദ്യ വികസന സദസിന് ആലക്കോട് തുടക്കം

post

ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനതല വികസന സദസിന് ആലക്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് പഞ്ചായത്തുകള്‍ തോറും വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്. ആലക്കോടിന്റെ ഭാവി വികസനത്തിന് ഇനി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സദസ് ഗ്രാമപഞ്ചായത്തംഗം ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്തംഗം കെ.എ സുലോചന അധ്യക്ഷത വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 9 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമ്യ സൈമണ്‍ അവതരിപ്പിച്ചു.

ഡിജികേരളം പദ്ധതി നടപ്പിലാക്കിയതിലൂടെ സമ്പൂര്‍ണ്ണ ഡിജികേരളം പഞ്ചായത്തായി ആലക്കോട് ഗ്രാമപഞ്ചായത്ത് മാറി. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയിലൂടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ഭവനരഹിതര്‍ക്ക് ഭവന നിര്‍മ്മാണം,വനിത ശിശു വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി മൈക്രോ പ്ലാന്‍ രൂപീകരിച്ച് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മാര്‍ജന പഞ്ചായത്തായി ആലക്കോടിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ലൈഫ് മിഷനിലൂടെ 53 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 26 വീടുകള്‍ നിര്‍മ്മാണത്തിലാണ്. കെ സ്മാര്‍ട്ട് സംവിധാനത്തിലൂടെ നിരവധി പരാതികള്‍ ലഭിക്കുകയും അവ തീര്‍പ്പാക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ പ്രദര്‍ശനത്തോടെയാണ് സദസ് ആരംഭിച്ചത്. കെസ്മാര്‍ട്ടിന്റെയും വിജ്ഞാനകേരളത്തിന്റെയും ഹെല്‍പ്പ് ഡെസ്‌ക്  സൗകര്യം വേദിയില്‍ സജ്ജമാക്കിയിരുന്നു. ആലക്കോട് ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.  യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ഇ.എസ് റഷീദ്, കിരണ്‍ രാജു, ഹെഡ് ക്ലര്‍ക്ക് സി.ഡി രാജേഷ് ,ഇളംദേശം ബ്ലോക്ക് ജിഇഒ എന്‍.ആര്‍ രജിത,അസിസ്റ്റന്റ് സെക്രട്ടറി ജയകുമാര്‍ എം.കെ, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.