ജൈവ കൃഷി പ്രചരണാര്‍ത്ഥം കിസാന്‍ മേള സംഘടിപ്പിച്ചു

post

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആലക്കോട്, കരിമണ്ണൂര്‍, കോടികുളം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ ഏഴ് പഞ്ചായത്തുകളില്‍ നടപ്പിലാക്കി വരുന്ന ഭാരതീയ പ്രകൃതി കൃഷി ക്ലസ്റ്ററുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കിസാന്‍ മേള സംഘടിപ്പിച്ചു. പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആശ എസ്. പദ്ധതി വിശദീകരണം നടത്തി. കര്‍ഷകര്‍ക്ക് വേണ്ടി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍, ജൈവ വളക്കൂട്ടുകള്‍, പച്ചക്കറി - ഫലവൃക്ഷ തൈകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.

അരിക്കുഴ ജില്ലാ മണ്ണ് പരിശോധനാ ലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ശശിലേഖ രാഘവന്‍, ബിപികെപി റിസോര്‍സ് പേഴ്‌സണ്‍ ജോബി ഫ്രാന്‍സിസ് എന്നിവര്‍ സെമിനാര്‍ നയിച്ചു.

വെള്ളിയാമറ്റം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കിയ കൃഷി അങ്കണം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അനുഗ്രഹ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍,സികെവിഎച്ച്എസ്എസ് വെള്ളിയാമറ്റം, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പൂച്ചപ്ര, ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂള്‍ നാളിയാനി എന്നീ സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി ദാമോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ രാജു കുട്ടപ്പന്‍, ഷെമിന അബദുള്‍ ഖരീം, രാജി ചന്ദ്രശേഖരന്‍, ബോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോണ്‍, ടെസിമോള്‍ മാത്യു, പഞ്ചായത്ത് അംഗങ്ങളായ ഇന്ദു ബിജു,രാജേഷ് ഷാജി,രേഖ പുഷ്പരാജന്‍, അഭിലാഷ് രാജന്‍, കൃഷ്ണന്‍ വി. കെ., ലാലി ജോസി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആഷ്ലി മറിയാമ്മ ജോര്‍ജ്ജ്, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.