കുരിശുപള്ളി പടി-താന്നിക്കണ്ടം-പട്ടാളംപടി റോഡ് ഉദ്‌ഘാടനം ചെയ്തു

മികച്ച റോഡുകള്‍ സാധ്യമായതോടെ ജീവിതനിലവാരം മെച്ചപ്പെട്ടു: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി കുരിശുപള്ളി പടി-താന്നിക്കണ്ടം-പട്ടാളംപടി റോഡിന്റെ ഉദ്ഘാടനവും തിയേറ്റര്‍പടി-താന്നിക്കണ്ടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ച.
മികച്ച റോഡുകള്‍ വന്നതോടെ നാടിനുണ്ടായ മാറ്റം ശ്രദ്ധേയമാണെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം സാധ്യമായെന്നും മന്ത്രി പറഞ്ഞു . ഉദ്ഘാടനം ചെയ്ത കുരിശുപള്ളി പടി - താന്നിക്കണ്ടം-പട്ടാളംപടി റോഡ് നല്ല നിലയില്‍ വികസിപ്പിക്കാന്‍ സാധിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. റോഡ് മാത്രമല്ല, എല്ലാ മേഖലകളുടെയും തിരിച്ചു വരവിനായി ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ഇടപെടലുകള്‍ നടത്തി ചെറുതും വലുതുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പുതിയ റോഡുകള്‍ യാത്രസൗകര്യം മെച്ചപ്പെടുത്തി. ഭൂമിയുടെ വില ഉയര്‍ത്താന്‍ സാധിച്ചുവെന്നും ഈ റോഡുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
താന്നിക്കണ്ടം സിറ്റിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളില്‍ കൂടി ജില്ലാ ആസ്ഥാനമായ പൈനാവില്‍ എത്തി ചേരുന്ന പ്രധാന റോഡാണ് കുരിശുപള്ളിപടി - താന്നിക്കണ്ടം- പട്ടാളംപടി റോഡ്. റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി 5 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
താന്നിക്കണ്ടത്ത് നിന്നും ചെറുതോണി ചേരുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായ താന്നിക്കണ്ടം - തീയേറ്റര്‍പടി റോഡ് സി.എം.എല്‍.ആര്‍.ആര്‍.പി 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മ്മാണം ആരംഭിക്കുന്നത്.
പരിപാടിയില്‍ ത്രിതലപഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ടിന്റു സുഭാഷ്, പ്രഭ തങ്കച്ചന്‍, നൗഷാദ് ടി. ഇ, സിജി ചാക്കോ, താന്നിക്കണ്ടം പള്ളി വികാരി ഫാ.തോമസ് പുത്തൂര്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ എം.വി ബേബി, ജേക്കബ് പിണക്കാട്ട്, ഷിജോ തടത്തില്‍, റോയ് ജോസഫ്, തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.