ബേപ്പൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

ബേപ്പൂർ മണ്ഡലത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ നാല് റോഡുകൾ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 12.34 കോടി രൂപ ചെലവിട്ട് 15 മീറ്റർ വീതിയിലും 1600 മീറ്റർ നീളത്തിലും നിർമ്മിച്ച ചെറുവണ്ണൂർ - കൊളത്തറ റോഡ്, 1.4 കോടി ചെലവിൽ നവീകരിച്ച നല്ലളം - ജയന്തി റോഡ്, 2.09 കോടി ചെലവിൽ പൂർത്തീകരിച്ച ശാരദാ മന്ദിരം - റഹിമാൻ ബസാർ റോഡ്, കുന്നുമ്മൽ-നല്ലളം ബസാർ റോഡ് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഴയ ദേശീയ പാതയെ ബന്ധിപ്പിക്കുന്ന ചെറുവണ്ണൂർ-കൊളത്തറ റോഡ് ഭൂമി ഏറ്റെടുത്താണ് പൂർത്തീകരിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മോഡേൺ പാലക്കുളം പരിസരത്തു നിന്നാരംഭിച്ച് ചെറുവണ്ണൂർ ജങ്ഷൻ വരെ റോഡ് ഷോയും കലാപരിപാടികളും ഉണ്ടായി.
ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സി രാജൻ, പിഡബ്ല്യൂഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ റെജി, അസി. എഞ്ചിനീയർ ഷിജിത്ത്, ബേപ്പൂർ മുൻ എംഎൽഎ വി കെ സി മമ്മദ് കോയ, കോർപ്പറേഷൻ വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.