സേനാപതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി മാങ്ങാത്തൊട്ടിയില്‍ സേനാപതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും കടമയാണ്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 62 ലക്ഷം ജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ക്ഷേമപെന്‍ഷനില്‍ ക്രമമായ വര്‍ധനവും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 -19 വര്‍ഷത്തില്‍ സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. തുടര്‍ന്ന് 1.39 കോടി രൂപ ചെലവിലാണ് 4500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. പുതിയ കെട്ടിടത്തില്‍ രണ്ട് ഒ.പി മുറി, ഡ്രസിംഗ് ഒ.പി, ഇ.സി.ജി മുറി, 3 ബെഡ് ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, ഇഞ്ചക്ഷന്‍ റൂം, നെബുലൈസേഷന്‍ എന്നിവയ്ക്കായി പ്രത്യേകം സൗകര്യങ്ങളുണ്ട്. ഇതിന് പുറമെ ക്ഷയരോഗ പരിശോധന ലാബ്, ഫാര്‍മസി, ഫീഡിംഗ് റൂം, സ്റ്റാഫ് റൂം, രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
മാങ്ങാത്തൊട്ടിയിലെ സേനാപതി കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ മോഹനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ടി വര്‍ഗീസ്, ആതിര ലിജോ, ഷീന ബിജു, പി.പി എല്‍ദോസ്, ബീന സണ്ണി, ഷൈല അമ്പാടി, കെ.എ ബെന്നി, ഡെയ്‌സി സൈമണ്‍, ബിജി ബെന്നി, സന്ധ്യ അനീഷ്, വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനാ പ്രതിനിധികളായ പി.കെ ശശിധരന്‍ നായര്‍, ജെയിംസ് തെങ്ങുംകുടി, ബേബി പുല്‍പ്പറമ്പില്‍, എം.ജെ കുര്യന്‍, ജോസ് പുതുപ്പള്ളില്‍,നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എ.ഇ ശിവകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപു കൃഷ്ണ, ഡോ. അഞ്ചുമോള്‍ സി.എ, എന്നിവര്‍ സംസാരിച്ചു.