ഇടുക്കിയിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടിയോടനുബന്ധിച്ച് പൈനാവ് ടൗണിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധി പഠിപ്പിച്ച സേവനത്തിന്റെയും ശുചിത്വത്തിന്റെയും പാഠങ്ങൾക്ക് എക്കാലവും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ജനവിഭാഗത്തിനും താങ്ങും തണലുമായി പ്രവർത്തിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. ലളിതമായ ജീവിതരീതിയുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സേവനം ചെയ്തു. ഗാന്ധിജി പഠിപ്പിച്ച ശുചിത്വത്തിന്റെ പാഠങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കേണ്ടത് ഒരു രാജ്യത്തിന്റെ ആവശ്യകതയാണ്. അദ്ദേഹം പകർന്നു നൽകിയ സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങളിൽ ഉറച്ച് നിന്ന് ജീവിതം കെട്ടിപ്പടുക്കാൻ നാം ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പരിസരം വൃത്തികേടായി കിടക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് പറഞ്ഞ മഹാത്മാവിന്റെ വാക്കുകൾ ഏറെ പ്രസക്തിയോടെ ഓർക്കണമെന്ന് ചടങ്ങിൽ ഗാന്ധി ജയന്തി ദിന സന്ദേശം നൽകിയ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ് പറഞ്ഞു. കാലങ്ങൾക്ക് മുൻപേ ശുചിത്വത്തിൻ്റെ പ്രാധാന്യം അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. വൃത്തിയുള്ള പ്രദേശം നല്ല സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. മഹാത്മാ ഗാന്ധിയുടെ സന്ദേശം ജീവിതത്തിൽ പ്രവർത്തികമാക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നാട്ടുകാർ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ് തുടങ്ങിയവർ പുഷ്പാര്‍ച്ചന നടത്തി.
ഒക്ടോബര്‍ 8 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കും. സേവനവാരത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ റാലി, ക്വിസ് മത്സരം, സ്‌കിറ്റുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ എ ഐ വീഡിയോ ക്രിയേഷന്‍, ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈനിംഗ്, ദേശഭക്തി ഗാനാലാപം, കാര്‍ട്ടൂണ്‍ രചന, തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. വിജയികള്‍ക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.