കണ്ണൂർ ജില്ലയില്‍ വികസന സദസ്സിന് പ്രൗഢഗംഭീര തുടക്കം

post

വികസനത്തിൽ ജനകീയ പങ്കാളിത്തം സർക്കാരിന്റെ മുഖമുദ്ര :മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തദ്ദേശ സ്ഥാപനങ്ങളുട ഭാവി വികസന പരിപാടികൾക്ക് ജനപിന്തുണയും പൊതുജനാഭിപ്രായവും രൂപപ്പെടുത്താൻ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നടത്തുന്ന വികസന സദസ്സിന് കണ്ണൂർ ജില്ലയിൽ പ്രൗഢഗംഭീര തുടക്കം. വികസന സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട്‌ ഹയർസെക്കൻഡറി സ്കൂളിൽ രജിസ്ട്രേഷൻ,  മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.

ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.  സംസ്ഥാന വികസനത്തിന്റെ ആധാരശിലകളാണ് തദ്ദേശസ്ഥാപനങ്ങൾ. ഗ്രാമങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ നാടിന് വികസനം ഉണ്ടാകൂ. ഇത്തരം കാഴ്ച്ചപ്പാടോടെയാണ് തദ്ദേശസ്ഥാപനങ്ങളിൽ വികസന സദസ്സിലൂടെ ആശയ സംവാദത്തിനും അതിലൂടെ വികസന പദ്ധതികളുടെ രൂപീകരണത്തിനും സർക്കാർ ശ്രമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ സെമിനാറുകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സർക്കാർ തുടർന്ന് നടപ്പാക്കേണ്ട പദ്ധതികൾക്ക് ആധാരശിലയാകുമെന്നും മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ആധുനിക വികസനം സാധ്യമാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് എം എൽ എ പറഞ്ഞു. അഴീക്കോട്‌ തുറമുഖ പദ്ധതി, ഹരിത ബീച്ച്, തീരദേശ ഹൈവേ, ബ്ലൂഫ്ലാഗ് പദവി ലഭിച്ച ചാൽ ബീച്ച് ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ യഥാർഥ്യമാക്കാൻ അഴീക്കോടിന് സാധിച്ചെന്നും എം എൽ എ പറഞ്ഞു.

അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസനരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും  പഞ്ചായത്തിന് അങ്കണവാടി നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ മുണ്ടച്ചാലിൽ എം സുഗന്ത് എന്ന വ്യക്തിയെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.  കില ഫാക്കൽറ്റി എ.പി ഹംസക്കുട്ടി വികസന സദസ്സ് സംബന്ധിച്ച സ്റ്റേറ്റ് റിപ്പോർട്ട്‌ അവതരണം നടത്തി. അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ ഫാറൂക്ക് പഞ്ചായത്ത്‌തല വികസന റിപ്പോർട്ട്‌ അവതരപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.കെ രത്നകുമാരി, മുൻ എം എൽ എ  എം. പ്രകാശൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ശൗര്യചക്ര പി.വി മനേഷ് എന്നിവർ മുഖ്യതിഥികളായി.

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി ജിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ നിസാർ വായിപ്പറമ്പ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.അജീഷ്, പി ശ്രുതി, എ.വി സുശീല, കെ രമേശൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ റിമിൽ, അഴീക്കോട് ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ കെ ഗിരീഷ്‌കുമാർ, കെ.കെ മിനി, മുഹമ്മദ്‌ അഷറഫ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ റീന, ഗ്രാമപഞ്ചായത്ത് അംഗം സി ജസ്‌ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ സുരേന്ദ്രൻ, സി രവീന്ദ്രൻ, എം പ്രഭാകരൻ, സി.പി ദിനേശൻ, കെ.വി രേണുക ടീച്ചർ, ജനപ്രതിനിധികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവർ പങ്കെടുത്തു.തുടർന്ന് അഴീക്കോട് പഞ്ചായത്തിന്റെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു.