മാത്തിലിൽ ഹാപ്പിനസ് പാർക്ക് തുറന്നു

കണ്ണൂർ മാത്തിലിൽ ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 22.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമ്മിച്ചത്. ജീവിത തിരക്കിനിടയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സന്തോഷത്തിന്റെയും വിശ്രമത്തിന്റെയും തുരുത്തൊരുക്കുകയാണ് ഹാപ്പിനസ് പാർക്ക്. കുട്ടികൾക്ക് മതിമറന്ന് കളിയിലും ആഘോഷത്തിലും മുഴുകാനും മുതിർന്നവർക്ക് പ്രഭാത-സായാഹ്ന സവാരികളും സാംസ്കാരിക പരിപാടികളും നടത്താനും സൗകര്യമൊരുക്കിയാണ് നിർമ്മാണം. രാവിലെ, വൈകുന്നേരം വ്യായാമത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജീവിത ശൈലീരോഗങ്ങൾ വ്യാപകമാകുന്ന കാലത്ത് ജനങ്ങളുടെ ആരോഗ്യസംരക്ഷണമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ലൈറ്റ് സംവിധാനവും പാർക്കിന്റെ മറ്റൊരു പ്രത്യേകതയാണ്.
കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി സുനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പത്മിനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം സതീശൻ, കെ.വി സുരേഷ് ബാബു, കെ.ജി ബിന്ദുമോൾ, പഞ്ചായത്തംഗം കെ. പങ്കജാക്ഷൻ, പി. ശശീധരൻ എന്നിവർ സംസാരിച്ചു.