കസ്തൂർബ നഗർ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു

post

കേരളത്തെ ഫുഡ് ഡെസ്റ്റിനേഷൻ ആക്കിമാറ്റും - മന്ത്രി വീണ ജോർജ്

എറണാകുളം കസ്തൂർബ നഗറിൽ ആരംഭിച്ച ഫുഡ് സ്ട്രീറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച ഭക്ഷണപദാർത്ഥങ്ങൾ കിട്ടുന്ന ഫുഡ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുമെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

വഴിയോര ഭക്ഷണശാലകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഫുഡ് സ്ട്രീറ്റിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആരംഭിക്കുന്ന നാല് ആധുനിക ഫുഡ് സ്ട്രീറ്റുകളിൽ ആദ്യത്തേത് എറണാകുളത്താണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റുകൾ ഉടനെ തുറക്കും. അറുപത് ശതമാനം കേന്ദ്ര വിഹിതവും, നാൽപ്പത് ശതമാനം സംസ്ഥാന വിഹിതവും, കൂടാതെ ജി.സി.ഡി.എ നൽകിയ 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത് - മന്ത്രി കൂട്ടിച്ചേർത്തു.


ചടങ്ങിൽ ജി.സി. ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള അധ്യക്ഷനായി. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എ മാരായ ടി. ജെ വിനോദ്, കെ.ജെ. മാക്സി , ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർ അഫ്സാന പർവീൺ, കൊച്ചി നഗരസഭ കൗൺസിലർ ലതിക ടീച്ചർ, ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. കെ. ഷിബു, എ. ബി. സാബു, എ. എസ് . അനിൽ കുമാർ, ഹെൽത്ത് സർവീസ് ഡയറക്ടർ കെ. ജെ. റീന, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ കെ. എൻ. ധന്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആശ ദേവി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പേഴ്സിലിൻ ജോർജ്, ജി.സി. ഡി. എ സെക്രട്ടറി എം. വി. ഷാരി തുടങ്ങിയവർ പങ്കെടുത്തു.