ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമ്മിഷന്‍ പരിശീലനം നല്‍കി

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം പത്തനംതിട്ട തിരുവല്ല എസ്.സി.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ.കെ ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള നിയമങ്ങളെക്കുറിച്ചു പൊതുധാരണ ഉണ്ടാകണമെന്നും അവരുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട സമീപനം അധ്യാപകര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില അധ്യക്ഷയായി. ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും വിഷയത്തില്‍ ബാലവകാശകമ്മീഷന്‍ അംഗം ഡോ.എഫ്.വില്‍സണ്‍, സൈബര്‍ സുരക്ഷ വിഷയത്തില്‍ പത്തനംതിട്ട സൈബര്‍ ക്രൈം വിങ് എഎസ്ഐ സി.ആര്‍ ശ്രീകുമാര്‍, കുട്ടികളുടെ മാനസിക ആരോഗ്യം വിഷയത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൈക്കാര്‍ട്ടിക് ഡിപാര്‍ട്ട്മെന്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയ് എന്നിവര്‍ ക്ലാസ് നയിച്ചു.
അധ്യാപക വിദ്യാര്‍ഥി ബന്ധം സൗഹാര്‍ദപരമായ അന്തരീക്ഷത്തിലേക്ക് എത്തിക്കാനും ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം നടപ്പാക്കുന്നതിനുമാണ് പരിശീലനം. കൗമാര പ്രായക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നം നേരിടാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും പരിശീലനം ലക്ഷ്യമിടുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലതാ കുമാരി, സ്‌കൂള്‍ പ്രധാനാധ്യാപിക റെനി വര്‍ഗീസ്, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.