ആത്മഹത്യാ പ്രതിരോധ ദിനാചരണം : 'ബ്രേക്ക് ദ ഷെൽ' ക്യാമ്പയിൻ സംഘടിപ്പിച്ചു

post

ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോട് അനുബന്ധിച്ച് ബ്രേക്ക് ദ ഷെൽ' ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യം ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് , ആരോഗ്യ കേരളം ഇടുക്കി ,ജില്ലാ മാനസികാരോഗ്യ പരിപാടി, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, വാത്തിക്കുടി എഫ്എച്ച്സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോളി സുനിൽ നിർവഹിച്ചു.

ആത്മഹത്യയെ കുറിച്ചുള്ള ധാരണകൾ മാറ്റാം സഹാനുഭൂതിയും പിന്തുണയും നൽകാം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യപ്രഭാഷണവും ജീവിത ശൈലീ രോഗ നിയന്ത്രണ വിഭാഗം നോഡൽ ഓഫീസർ ഡോ. സുരേഷ് വർഗീസ്.

എസ് വിഷയാവതരണവും നടത്തി. ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ നിർവഹിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജൂനിയർ കൺസൾട്ടൻ്റ് ഡോ. മെറിൻ പൗലോസിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാറും നടന്നു.

ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണം വർധിപ്പിക്കുകയും വിദ്യാർത്ഥികൾക്കിടയിൽ പരസ്പര സഹായത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ആശയ വിനിമയ ഉപാധിയായ 'ഹോപ് വാൾ' ഉദ്ഘാടനം പാവനാത്മ കോളേജ് പ്രിൻസിപ്പാൾ സജി കെ. ജോസ് നിർവഹിച്ചു.

'ബ്രേക്ക് ദ ഷെൽ' ക്യാമ്പയിനുമായി ബന്ധപ്പെട്ട് സഞ്ജീകരിച്ച സെൽഫി കോർണർ , ഹോപ് വാൾ എന്നിവ പരിപാടിയിൽ ശ്രദ്ധേയമായി.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് വർക്കി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനില വിജയൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അമീന എസ്.ആർ, വാത്തിക്കുടി മെഡിക്കൽ ഓഫീസർ ഡോ. നിതിൻ, ജില്ലാ മാനസികാരോഗ്യ പരിപാടി കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. ബബിൻ ജെ തുറയ്ക്കൽ, ആരോഗ്യ വിഭാഗം ജീവനക്കാർ, ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാർ, ജില്ലാ മാനസി കാരോഗ്യം വിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.