പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം;സേഫ് പദ്ധതിയിലൂടെ 1165 പേര്‍ക്ക് വീട്

post

പട്ടികജാതി വിഭാഗങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമം മികവോടെ മുന്നോട്ട്. ഭവനപൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പട്ടികജാതി വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ 1,165 പേര്‍ക്ക് വീടുകളായി. 2022-23 സാമ്പത്തികവര്‍ഷം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍വഴി ലഭിച്ച ധനസഹായത്തിലൂടെ നിര്‍മിച്ച വീടുകളില്‍ തുടര്‍നിര്‍മാണത്തിനുള്ള സാമ്പത്തികപിന്തുണ നല്‍കുന്നു. നിര്‍മാണം പകുതി കഴിഞ്ഞതും തുടര്‍നിര്‍മാണം നടത്തേണ്ടതുമായ വീടുകളില്‍കഴിയുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയാണ്.

2022-23ല്‍  1.62 കോടി രൂപ 278 ഗുണഭോക്താക്കള്‍ക്കായി ചെലവഴിച്ചു. 2023-24ല്‍ 414 പേര്‍ക്കായി 11 കോടി രൂപയും 2024-25ല്‍ 473 പേര്‍ക്ക് 7.47 കോടി രൂപ ചെലവഴിച്ച് വീടുകളുടെ തുടര്‍നിര്‍മാണം പൂര്‍ത്തിയാക്കി.

വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയും 2010 ഏപ്രില്‍ ഒന്നിന് ശേഷം വീടുകള്‍ നിര്‍മിക്കുകയോ നിര്‍മാണം ഭാഗികമായിപൂര്‍ത്തിയായ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. 2006 ഏപ്രില്‍ ഒന്നിന് ശേഷം ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മറ്റുപദ്ധതികള്‍വഴി ഭവനനിര്‍മാണത്തിന് ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല.

മേല്‍ക്കൂരപൂര്‍ത്തീകരണം, ശൗചാലയനിര്‍മാണം, ഭിത്തികളുടെ ബലപ്പെടുത്തല്‍, വാതില്‍-ജനാലസ്ഥാപിക്കല്‍, അടുക്കളനവീകരണം, ഫ്‌ളോറിങ്, സമ്പൂര്‍ണപ്ലാസ്റ്ററിങ്, ഇലക്ട്രിക്കല്‍വയറിങ്, വൈദ്യുതിഉപകരണങ്ങള്‍ സ്ഥാപിക്കല്‍, പ്ലമിംഗ്പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മുന്‍ഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. വീടിന്റെമേല്‍ക്കൂര, ശൗചാലയം എന്നിവ പൂര്‍ത്തീകരിക്കേണ്ടവര്‍, ഭര്‍ത്താവ്മരണപ്പെട്ട അല്ലെങ്കില്‍ ഭര്‍ത്താവ്ഉപേക്ഷിച്ച വനിതകള്‍ കുടുംബനാഥരായ കുടുംബങ്ങള്‍, ഭിന്നശേഷിവിഭാഗത്തിലുള്ളവര്‍/ മാരകരോഗങ്ങള്‍ ബാധിച്ചവരുള്ള കുടുംബങ്ങള്‍, വാര്‍ഷികവരുമാനം 50,000 രൂപ വരെയുള്ള കുടുംബങ്ങള്‍, 800 ചതുരശ്രഅടിയില്‍താഴെ വിസ്തീര്‍ണമുള്ള വീടുകള്‍, മുന്‍വര്‍ഷങ്ങളില്‍ അറ്റകുറ്റപണികള്‍ക്ക് ഗ്രാന്റ് ലഭിക്കാത്തവര്‍, പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍, വിദ്യാര്‍ഥികളുള്ള കുടുംബങ്ങള്‍, ഒന്നിലധികം വിദ്യാര്‍ഥിനികളുള്ള കുടുംബങ്ങള്‍  എന്നിവയാണ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍.

രണ്ടു ലക്ഷം രൂപയാണ് മൂന്ന് ഘട്ടമായി വിതരണംചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ 50,000 രൂപയും രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷം രൂപയും മൂന്നാമതായി 50,000 രൂപയുമാണ് നല്‍കുക. ആദ്യഘട്ടത്തില്‍ മുന്‍കൂറായും ശേഷം നിര്‍ദിഷ്ട ശതമാനം പ്രവര്‍ത്തിപൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടാംഘട്ടത്തിലും പണം അനുവദിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയതിനുശേഷമാണ് മൂന്നാം ഘട്ടത്തിലേത് അനുവദിക്കുക.  

പ്രവര്‍ത്തികളുടെ സാങ്കേതികപരിശോധന അംഗീകൃത എന്‍ജിനീയറും ഭൗതികപരിശോധന ജില്ലാ പട്ടികജാതിവികസന ഓഫീസറുമാണ് നിര്‍വഹിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ഭവനങ്ങള്‍ അംഗീകൃത എന്‍ജിനീയര്‍മാര്‍ സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും. പ്രാഥമികപട്ടികയും ഓരോ ഭവനത്തിന്റെയും എസ്റ്റിമേറ്റ് പരിശോധിച്ച് അന്തിമ ഗുണഭോക്തൃപട്ടിക തയ്യാറാക്കി അംഗീകാരം നല്‍കുന്നു. കാലഘട്ടത്തിന് അനുസൃതമായ പദ്ധതികള്‍ തയ്യാറാക്കി പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കിവരുന്നതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. സുനില്‍ കുമാര്‍ വ്യക്തമാക്കി.