സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: പ്രാദേശിക വികസനത്തിന് നിർദേശങ്ങളുമായി ഏരൂർ പഞ്ചായത്ത് നിവാസികൾ
സംസ്ഥാന സർക്കാരിന്റെ നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ അഭിപ്രായശേഖരണം ഏരൂർ പഞ്ചായത്തിലും പുരോഗമിക്കുന്നു. സന്നദ്ധ സേനാംഗങ്ങളോട് വികസനനിർദേശങ്ങൾ അറിയിക്കുകയാണ് നാട്ടുകാർ. പ്രാദേശികമായി നിലനിൽക്കുന്ന വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ് ഭൂരിഭാഗവും.
പുനലൂർ താലൂക്ക് ആശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ നിരന്തരമുള്ളലഭ്യത ഉറപ്പാക്കണം. പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണം. ഏരൂർ പഞ്ചായത്തിൽ മൂന്നു വാർഡുകൾ കൂടുന്ന മേഖലയിൽ അംഗനവാടികളിലേക്കുള്ള ദൂരക്കൂടുതലിന് പരിഹാരമായി പുതിയൊരെണ്ണം വേണമെന്നാണ് ആവശ്യം.
അഞ്ചൽ വിളക്കുപാറ ഇളവറാംകുഴി കെഎസ്ആർടിസി ബസ് സർവീസുകളുണ്ടെങ്കിലും നിർത്തിവെച്ച സർവീസുകൾ വീണ്ടും ആരംഭിക്കണം തുടങ്ങി ജനങ്ങളുടെ നിർദേശങ്ങളും ആവശ്യങ്ങളുമെല്ലാം സന്നദ്ധസേനാംഗങ്ങൾ ശേഖരിച്ചു. ലഭിച്ചവിവരങ്ങൾ ക്രോഡീകരിച്ച് ആപ്പിൽ രേഖപെടുത്തും, പിന്നാലെ സർക്കാരിന് സമർപ്പിക്കും.









