ഇ ടി സി അങ്കണവാടി ജംഗ്ഷൻ - കൊട്ടാരക്കര സർക്കുലർ മിനി ബസ് ഉദ്ഘാടനം ചെയ്തു
കാലോചിത മാറ്റങ്ങൾ കെ എസ് ആർ ടി സിയെ ലാഭത്തിലാക്കി: മന്ത്രി ബാലഗോപാൽ
കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ കെ എസ് ആർ ടി സിയെ സർക്കാർ ലാഭത്തിലാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇ ടി സി അങ്കണവാടി ജംഗ്ഷൻ മുതൽ കൊട്ടാരക്കര വരെയും തിരിച്ചും യാത്ര നടത്തുന്ന സർക്കുലർ മിനി ബസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം പൊതുഗതാഗത സംവിധാനങ്ങളെയും മെച്ചപ്പെടുത്തും. കെ എസ് ആർ ടി സിയുടെ വരുമാന വർധനവിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയിച്ചു. ഇ ടി സി ജംഗ്ഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പുതിയ സ്ഥാപനങ്ങളിലേക്ക് എത്താൻ സാധിക്കുംവിധമാണ് പുതിയ ബസ് സർവീസ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ ടി സി ജംഗ്ഷൻ, തോട്ടമുക്ക്, നവോദയ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ രാവിലെയും വൈകിട്ടും യാത്ര നടത്തുംവിധമാണ് ബസ് സർവീസിന്റെ ക്രമീകരണം.
നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സരോജ കാർത്തികേയൻ, രജിത ആർ, കൗൺസിലർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.









