ശബരിമല സന്നിധാനത്ത് ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ച് അഗ്നിശമന സേന

post

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വാച്ചറായി ജോലിചെയ്യുന്ന വേണുഗോപാലന്‍ നായര്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിച്ചു നല്‍കി അഗ്‌നിശമന സേന. പ്രമേഹ രോഗിയായ  വേണുഗോപാലന്‍ നായര്‍ തന്റെ ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ തീര്‍ന്നതിനാല്‍ വിഷമത്തിലാകുകയായിരുന്നു. സന്നിധാനത്തു ശാരീരിക അസ്വസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലന്‍ നായര്‍ തന്റെ മകളുടെ ഭര്‍ത്താവായ വിനീഷ് കുമാറിനെ വിവരം അറിയിച്ചു. ഒരുമാസത്തേക്കുള്ള മരുന്ന് വിനീഷ് കുമാര്‍ വാങ്ങിയെങ്കിലും ലോക്ക് ഡൗണായതിനാല്‍ തിരുവനന്തപുരത്തുനിന്നു മരുന്ന് സന്നിധാനത്ത് എങ്ങനെ എത്തിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. തുടര്‍ന്ന്  ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. 

തിരുവനന്തപുരത്തു നിന്ന് ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ പത്തനംതിട്ടയില്‍ എത്തിച്ച മരുന്ന് ജില്ലാ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിനു കൈമാറി. തുടര്‍ന്ന് ജില്ലാ സ്റ്റേഷന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാരെ സന്നിധാനത്തേക്കു മരുന്നുമായി അയക്കുകയായിരുന്നു. സന്നിധാനത്ത് എത്തിയ രഞ്ജി രവി, സുരേഷ് കുമാര്‍, എസ്.ആര്‍ സാരംഗ്, എം.എ സന്ദീപ് എന്നീ ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ മരുന്ന് വേണുഗോപാലന്‍ നായര്‍ക്കു കൈമാറി. ഒരു വര്‍ഷമായി സന്നിധാനത്ത് വാച്ചര്‍ ജോലി നോക്കിവരികയാണ് ഒറ്റശേഖരമംഗലം തിരുവോണം കൊട്ടാംവാരം കാലായില്‍ വീട്ടില്‍ വേണുഗോപാലന്‍ നായര്‍.