കലഞ്ഞൂർ മാങ്കോട് സ്കൂളിന് പുതിയ എൽ.പി. കെട്ടിടവും ഹയർസെക്കൻഡറി ബ്ലോക്കും

post

നവീന അധ്യയന രീതിയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

പത്തനംതിട്ട കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് സ്‌കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം നവീന അധ്യയന രീതികളും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.  വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫ് ലേര്‍ണിങ്   രീതിയിലൂടെ  പഠനം കൂടുതല്‍ ലളിതമാക്കുന്ന ഡിജിറ്റല്‍ റിസോഴ്‌സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.  ഇന്നത്തെ കുട്ടികള്‍ നാളെയുടെ ഗവേഷകരും ശാസ്ത്രജ്ഞരുമാണ്. കുട്ടികളുടെ ചിന്തകള്‍ക്ക് ശാസ്ത്രീയ ദിശാബോധം നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം ആരംഭിക്കുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സര്‍ക്കാരിന്റെ ആദ്യ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു.  പഠനത്തിന് പുറമെ സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി പുതിയ മെനുവും നടപ്പിലാക്കുന്നു. ആരോഗ്യവും പഠനവും കൈകോര്‍ക്കുന്ന സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 1.32 കോടി രൂപ വിനിയോഗിച്ചാണ് എല്‍.പി വിഭാഗത്തിനുള്ള പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എസ് എസ് കെ ഫണ്ടില്‍ നിന്നും 72 ലക്ഷം രൂപ അനുവദിച്ചാണ് ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മിക്കുന്നത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ജില്ലാ പഞ്ചായത്തംഗം വി ടി അജോമോന്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ആര്‍ അനില, എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വി എം ജയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.