മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം: മന്ത്രി വി ശിവന്‍കുട്ടി
അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണെന്ന് വിദ്യാഭ്യാസ- തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളുടെ നിര്‍മാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയില്‍ എത്തയതായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം സംസ്ഥാനത്തെ വികസനത്തെ പ്രശംസിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേന്ദ്ര ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
115 വര്‍ഷത്തെ സമ്പന്ന ചരിത്രവുമായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ ഇന്നൊരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. കാലപ്പഴക്കം കൊണ്ടു ദുരവസ്ഥയിലായിരുന്ന സ്‌കൂളിന് പുതിയ ശോഭ നല്‍കി കുട്ടികളുടെ ഭാവി കൂടുതല്‍ സുരക്ഷിതമാക്കാകുകയാണ് സര്‍ക്കാര്‍.
കുട്ടികള്‍ക്ക് മികച്ച സൗകര്യത്തോടെ പഠിക്കാനായി സുഗമമായ അന്തരീക്ഷമാണ് ലഭ്യമാകുന്നത്. കുട്ടികളുടെ സമഗ്രവികസനത്തിനും സാമൂഹിക ഇടപെടലിനുമുള്ള കേന്ദ്രമായി സ്‌കൂളുകള്‍ മാറുകയാണ്. കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കള്‍ക്ക് നേരിട്ട് അറിയാന്‍ സ്‌കൂളുകളില്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ സൗകര്യമുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ച രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനും അധ്യാപകരുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവുമാകും.
ദേശീയ തലത്തിലുള്ള 'നാസ് പരാഗ്' പരീക്ഷയില്‍ കേരളം നേടിയ ഉജ്ജ്വല വിജയം അഭിമാനകരമാണ്.
കുട്ടികള്‍ക്ക് ആഘോഷ ദിനങ്ങളില്‍ നിറമുള്ള വസ്ത്രം ധരിക്കാന്‍ അവസരമുണ്ട്. സ്‌കൂള്‍ വിനോദയാത്രയില്‍ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു.
മലയാലപ്പുഴയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 1.20 കോടി രൂപയ്ക്ക് പുറമെ പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ 80 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മലയാലപ്പുഴയുടെ മുഖഛായ മാറുന്ന രീതിയില്‍ വികസനം സാധ്യമായി. കോന്നി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും അടിസ്ഥാന വികസനത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമസമിതി അധ്യക്ഷരായ എന്‍ വളര്‍മതി, ഷീലാ കുമാരി ചാങ്ങയില്‍, എസ് ബിജു, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, എല്‍സി ഈശോ, സുമ രാജശേഖരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ആര്‍ അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.