പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചു. കുട്ടികള്‍ക്ക് മാതൃഭാഷയുടെ അടിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മലയാളം അക്ഷരമാലയും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ ആമുഖവും പാഠപുസ്തകങ്ങളുടെ ഭാഗമാക്കി. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചത്. ഗോത്രവര്‍ഗ കലാരൂപങ്ങള്‍ കലോത്സവത്തിന്റെ ഭാഗമാക്കിയതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ തനത് കലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന ആശയം കായികരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. ഇന്‍ക്ലൂസീവ് സ്പോര്‍ട്‌സ് എന്ന ആശയത്തിലൂടെ ഭിന്നശേഷി വിദ്യാര്‍ഥികളെയും ഒളിമ്പിക്‌സിന്റെ ഭാഗമാക്കാനായെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് എത്തിച്ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി അധ്യക്ഷന്‍ എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, റോഡ് തുടങ്ങി എല്ലാ മേഖലയിലും വികസനം നേടിയെന്നും അദ്ദേഹം പറഞ്ഞു.
അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഒരുപോലെ മെച്ചപ്പെടുത്താന്‍ ആരംഭിച്ച കോന്നി എം.എല്‍.എയുടെ 'ഉയരെ' പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളിലായി 3979 ചതുരശ്ര അടിയില്‍ ആറ് ക്ലാസ് മുറികള്‍, ഹാള്‍, ശൗചാലയം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല.
ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല നായര്‍, പ്രസന്ന രാജന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സി ബാബു, കെഎം മോഹനന്‍ നായര്‍, ജി ഹരികൃഷ്ണന്‍, അംഗങ്ങളായ വാഴവിള അച്യുതന്‍ നായര്‍, ലിജ ശിവപ്രകാശ്, ആനന്ദവല്ലിയമ്മ, തങ്കമണി ടീച്ചര്‍, അമൃത സജയന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, ഡിഇഒ അമ്പിളി, എഇഒ ബിജു കുമാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി എ മുഹമ്മദ് ഫൈസല്‍, ഉയരെ പദ്ധതി കോര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, അംഗം ഉഷ ശിവന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക പി ആര്‍ ശശികല എന്നിവര്‍ പങ്കെടുത്തു. എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.