വിഷന്‍ 2031 ആരോഗ്യ സെമിനാര്‍ : സംഘാടകസമിതി രൂപീകരിച്ചു

post

സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.

കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു .

സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് 'വിഷന്‍ 2031' എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങള്‍, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും. ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദഗ്ധ പാനല്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി വികസന നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് മന്ത്രി വീണാ ജോര്‍ജ് ചെയര്‍പേഴ്‌സണായി സംഘാടകസമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി  തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, പ്ലാനിംഗ് ബോര്‍ഡ് എക്‌സ്‌പേര്‍ട്ട് അംഗം ഡോ. പി. കെ. ജമീല എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനറല്‍ കണ്‍വീനറും സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ കണ്‍വീനറുമാകും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവര്‍ രക്ഷാധികാരികളാകും. ആരോഗ്യം, ഹോമിയോ, ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാകും. ഇതിന് പുറമേ ജനപ്രതിനിധികള്‍ ചെയര്‍പേഴ്‌സണ്‍മാരായും ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായുമുള്ള സബ്കമ്മിറ്റികള്‍ സെപ്റ്റംബര്‍ 25 ന് അകം രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ (ഓണ്‍ലൈന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിബിന്‍ കെ ഗോപാല്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീകുമാര്‍, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.