പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതി നിര്‍മാണം ആരംഭിച്ചു

post

പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭഗവതിക്കും പടിഞ്ഞാറ് വാര്‍ഡില്‍ സ്ഥാപിക്കുന്ന മിനി കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കിണര്‍ നിര്‍മിച്ചിട്ടും വെള്ളം ലഭിക്കാത്ത 35 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 22 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. തൊടു കുളത്തിന് സമീപം കിണര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് ടാങ്കില്‍ നിന്നു പൈപ്പിലൂടെ വീടുകളില്‍ വെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഭൂജല വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ ശ്രീകുമാര്‍, വി.പി വിദ്യാധരപ്പണിക്കര്‍, പ്രീയാ ജ്യോതികുമാര്‍, അംഗം ശ്രീവിദ്യ, ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സനല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.