നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ കെ.എസ്.ആര്‍.ടി. സി ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

post

ഇടുക്കി നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ഫ്‌ളാഗ് ഓഫ് എംഎല്‍എ എം.എം മണി നിര്‍വഹിച്ചു. രണ്ട് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസും, ഒരു ഫാസ്റ്റ് പാസഞ്ചറും ആണ് അനുവദിച്ചത്. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് നെടുങ്കണ്ടം- കണ്ണൂര്‍ - ചെറുപുഴ സര്‍വീസും, ഫാസ്റ്റ് പാസഞ്ചര്‍ നെടുങ്കണ്ടം - തിരുവനന്തപുരം സര്‍വീസുമാണ് നടത്തുന്നത്. ഈ റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ് നടത്തുമെങ്കിലും സമയത്തിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാകില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം.

വീഡിയോ, ഓഡിയോ സൗകര്യങ്ങള്‍, എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉള്‍പ്പെടെ യാത്ര ആസ്വാദ്യകരമാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും പുതിയ കെഎസ്ആര്‍ടിസി ബസില്‍ ഒരുക്കിയിട്ടുണ്ട്. 49 സീറ്റുകളാണ് യാത്രക്കാര്‍ക്കായി ഉള്ളത്.

നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍.മനേഷ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഷാബു വി.എം, സൂപ്രണ്ട് ഇന്‍ ചാര്‍ജ് രഞ്ചു ടി.ജെ, കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.