ആഗോള അയ്യപ്പ സംഗമം: ശ്രദ്ധേയമായി ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച

ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് പ്രധാന വേദിയായ തത്ത്വമസിയിൽ സംഘടിപ്പിച്ച ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പങ്കെടുത്ത പ്രതിനിധികൾ ഒന്നടക്കം ശബരിമലയുടെ വികസനത്തിന് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് മൂന്ന് വേദികളിലായി സംഘടിപ്പിച്ച ചർച്ചകളിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു ശബരിമലയുടെ വികസനത്തിലൂന്നിയുള്ള മാസ്റ്റർ പ്ലാൻ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷൻ ഡയറക്ടർ പ്രൊഫ. ബി സുനിൽ കുമാർ മോഡറേറ്ററായി. ശബരിമല മാസ്റ്റർ പ്ലാനിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷകനായി. ശബരിമലയിലെത്തുന്ന ഭക്തരെയും പരിഗണിച്ച് പരിസ്ഥിതി സൗഹൃദമായ വികസനമാണ് മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. കെട്ടിടനിർമാണമല്ല ഇതിലൂടെ ചെയ്യുന്നത്. ഭക്തരുടെ അഭിപ്രായങ്ങൾക്ക് ഊന്നൽ നൽകി പരിസ്ഥിതിക്ക് ദോഷമാകാത്ത രീതിയിൽ ആചാരഅനുഷ്ഠാനങ്ങൾ പാലിച്ച വികസനമാണ് മാസ്റ്റർ പ്ലാനിലുള്ളത്.
പെരിയാർ ടൈഗർ റിസർവിലും ബഫർ സോണിലും ഉൾപ്പെട്ട ക്ഷേത്രത്തിന്റെ വികസനം കരുതലോടെയാണ് വേണ്ടത്. ഓരോ വർഷവും തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണ്. ആകെ 70 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ക്ഷേത്രത്തിൽ രണ്ടു മാസം കൊണ്ട് മാത്രം എത്തുന്ന ഭക്തർ ലക്ഷങ്ങളാണ്.
തീർത്ഥാടനം എത്രത്തോളം മെച്ചമാകും എന്നതിനാണ് ഊന്നൽ. മാസ്റ്റർ പ്ലാനില്ലാതെ ശബരിമലയുടെ വികസനം സാധ്യമല്ല. മാസ്റ്റർ പ്ലാനിന്റെ ആവശ്യകത ബോധ്യപ്പെടണം. 2006 ൽ രൂപീകരിച്ച മാസ്റ്റർ പ്ലാൻ തൊട്ടടുത്ത വർഷം സർക്കാർ അംഗീകരിച്ചു. മേൽനോട്ടത്തിന് ഹൈക്കോടതി നിർദേശ പ്രകാരം ഉന്നതാധികാര സമിതിയും രൂപീകരിച്ചു. പണം സ്വരൂപിക്കാനായി ട്രസ്റ്റ് ബോർഡും രൂപീകൃതമായിരുന്നു.
ആഗോള സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾക്കെല്ലാം മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചോദ്യാവലി അയച്ചു കൊടുക്കും. ലോകമെങ്ങുമെങ്ങുമുള്ള അയ്യപ്പ ഭക്തർക്ക് sabarimalamasterplan.hpc@gmail.com, tdbcer@gmail.com, eesabarimala@gmail.com എന്ന മെയിലുകളിലൂടെ അഭിപ്രായം പങ്കുവയ്ക്കാം. കാനനവാസനായ അയ്യനെ കാണാനാണ് ഭക്തർ വരുന്നതെന്ന ബോധ്യത്തോടെയാണ് മാസ്റ്റർ പ്ലാൻ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളെല്ലാം പരിശോധിക്കുമെന്ന് മോഡറേറ്റർ ബി സുനിൽ കുമാർ വ്യക്തമാക്കി. എൻ ആർ ഐ കമ്മീഷൻ അംഗം മാത്യൂസ് കെ ലൂക്കോസ്, തിരുവനന്തപുരം കൊളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രിൻസിപ്പൽ കെ സുരേഷ്, പ്രൊഫ. ബെജൻ എസ് കോത്താരി, പ്രിയഞ്ജലി പ്രഭാകരൻ, ഷൈലജ നായർ, റിട്ടയേർഡ് പ്രൊഫസർ സുനിൽ എഡ്വേർഡ്, ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ, ചീഫ് എഞ്ചിനീയർ രഞ്ജിത്ത് ശേഖർ എന്നിവർ പാനലിസ്റ്റുകളായി.