സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം ജില്ലയിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്‌വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും നിലവിൽ സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29,000 റോബോട്ടിക് കിറ്റുകൾ ഇതിന് ഉദാഹരണമാണെന്നും ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

പുതിയ തലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് നമ്മൾ ലക്ഷ്യമിടുന്നതെന്നും അതിനെ കൂടുതൽ മെച്ചപ്പെടുത്താനും ഓരോ വിദ്യാർത്ഥിയും അധ്യാപകനും മുന്നോട്ട് വരണം. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതു സമൂഹത്തിനും ലഭ്യമാകുന്നവിധം അടുത്ത ആഴ്ച 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾഫെസ്റ്റുകൾ ഉൾപ്പെടെ സംഘടിപ്പിക്കും എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.

ചടങ്ങിൽ ഡിഎകെഎഫ് സംസ്ഥാന സെക്രട്ടറി ബിജു എസ് ബി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'നന്മയും തിന്മയും' എന്ന വിഷയത്തിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ സംവാദം നടത്തുകയും ചെയ്തു.