മെഷീനറി എക്സ്പോ 2025 ന് തുടക്കമായി

post

ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യം: മന്ത്രി പി രാജീവ്

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ എറണാകുളം കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ നിയമ വ്യവസായ കയർ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനം എന്നതിൽ നിന്നും ഏറ്റവും കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ വ്യവസായ രംഗം വിപുലപ്പെടുന്നതിന്റെ ഉദാഹരണമാണ് മെഷിനറി എക്സ്പോയുടെ വളർച്ച.വ്യവസായം ആധുനികവൽക്കരിക്കപ്പെടുമ്പോൾ പുതിയ മെഷിനറികളും ആവശ്യമായി വരുന്നു. കഴിഞ്ഞ എക്സ്പോകളിൽ വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നുമുള്ള മെഷിനറികളാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇത്തവണ കേരളത്തിൽ ഉത്പാദിപ്പിച്ചവ കൂടുതലായി ഉണ്ട്. ഭക്ഷ്യ സംസ്കരണ മേഖലകളിൽ കേരളത്തിൽ നിന്നുള്ള കമ്പനികൾ ഉത്പാദിപ്പിക്കുന്ന മെഷിനറികൾ രാജ്യവ്യാപകമായി ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. അതിനു മുന്നോടിയായും ശേഷവും വ്യവസായ വളർച്ചയ്ക്കായി നിയമ, ചട്ട ഭേദഗതികൾ നടപ്പിലാക്കുകയും പുതിയ വിജ്ഞാപനങ്ങളും ഗവൺമെൻറ് ഉത്തരവുകളും പുറത്തിറക്കുകയും ചെയ്തു. ഇതിൻ്റെ ഫലമായി ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. ഇവ നടപ്പിലാക്കുന്നതിന് വേണ്ടി കർമ പദ്ധതികളും വ്യവസായ മേഖലയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന അഡ് വൈസറി കമ്മിറ്റി രൂപവൽക്കരിക്കുകയും ചെയ്തു. ഇതിൻ്റെയെല്ലാം ഫലമായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ വന്ന 24 ശതമാനം വ്യവസായ താൽപര്യങ്ങളും നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് ദേശീയ ശരാശരിയായ 10-15 ശതമാനത്തിൽ നിന്നും വളരെ കൂടുതലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു .


സംസ്ഥാനത്തെ ഓരോ കുടുംബത്തിലും വ്യവസായം ആരംഭിക്കാൻ സാധ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ മറ്റൊരു ലക്ഷ്യം. ചൈനയുടെ നിർമാണ മേഖലയുടെ വളർച്ചയെ വളരെയധികം സഹായിച്ച ഒരു വ്യവസായ മാതൃകയാണിത്. കേരളത്തിലെ വീടുകളിലെ 50 ശതമാനം സ്ഥലവും അടഞ്ഞുകിടക്കുന്ന വീടുകൾ മുഴുവനായും സംരംഭങ്ങൾക്കായി ഉപയോഗിക്കാൻ സഹായകമാകുന്ന രീതിയിലുള്ള ചട്ടഭേദഗതിയാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു .

സംസ്ഥാനത്തെ ആഭ്യന്തര ഉത് പാദനം വർദ്ധിച്ചതും മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും തൊഴിലിനായി കുടിയേറിയ മലയാളികൾ സംരംഭകരായി ഇവിടെ തിരിച്ചെത്തുന്നതും സംസ്ഥാനത്തെ മികച്ച വ്യവസായ വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, തൃക്കാക്കര നഗരസഭ കൗൺസിലർ എം. ഒ. വർഗീസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എ. നജീബ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മെഷീനറി എക്സ്പോ സെപ്റ്റംബർ 23 ന് സമാപിക്കും.