കൊളുക്കുമല ജീപ്പ് സഫാരി: വിനോദത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്

post

മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി. ഇവിടുത്തെ അസാധാരണമായ ഉദയാസ്തമാനയ കാഴ്ചകള്‍ ആസ്വദിക്കാന്‍ ജീപ്പിലുള്ള ഈ സാഹസിക യാത്ര ടൂറിസ്റ്റുകള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. സഞ്ചാരികള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് കേരള മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ കൂടുതല്‍ സഞ്ചാരികളെ സാഹസികതയുടെ വിസ്മയക്കാഴ്ച കാണാന്‍ കൊളുക്കുമലയിലേയ്ക്ക് ആകര്‍ഷിക്കുന്നു. ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ജീപ്പ് സഫാരി നടത്തുന്നത്.

കൊളുക്കുമലയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗരൂകരാണ്. കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ ഉടുമ്പന്‍ചോല ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തിലാണ് യാത്ര സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നടപടി കൈക്കൊണ്ടിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതും സുരക്ഷാ കമ്മിറ്റി കണ്‍വീനറുടെ ഉത്തരവാദിത്തത്തിലാണ്. കൊളുക്കുമല ജീപ്പ് സഫാരി എസ് ഒ പി മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതോടുകൂടി സഞ്ചാരികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാ ദിവസവും ഡ്രൈവര്‍മാരെ ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുന്നതു വഴി മദ്യപിച്ചിട്ടുള്ളവരെ വാഹനം ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

ഇത്തരത്തിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതുമൂലം ദിവസേന 500 ല്‍ അധികം ആളുകള്‍ കൊളുക്കുമല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഒരു ജീപ്പില്‍ ആറുപേര്‍ക്കാണ് കൊളുക്കുമല സഫാരി നടത്താന്‍ സാധിക്കുന്നത്. രാവിലെ നാലു മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.


മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധിപേര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും അങ്ങനെ നൂറിലധികം ഡ്രൈവര്‍മാര്‍ സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു. അവര്‍ കുടുംബത്തിലെ ചെലവുകള്‍ യഥാസമയം ഉറപ്പാക്കുകയും അതുവഴി അവരുടെ ജീവിത നിലവാരവും സാമ്പത്തിക അച്ചടക്കവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കുറച്ചുകാലം മുന്‍പ് വരെ സ്‌കൂള്‍ തുറക്കുന്ന സമയത്തും വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെ സമയത്തും വലിയൊരു തുക പലിശക്ക് എടുക്കുകയും അങ്ങനെ വാഹനത്തില്‍ നിന്ന് കിട്ടുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ കാരണം ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.