പ്രകൃതി സ്നേഹികളെ ക്ഷണിച്ച് ഇടുക്കിയിലെ മൈക്രോവേവ് വ്യൂ പോയിന്റ്

ടൂറിസം ഭൂപടത്തിലേക്ക് മറ്റൊരു കേന്ദ്രം കൂടി
അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത, പ്രകൃതിയുടെ ശാന്തത നിറഞ്ഞ ഒരിടം. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലൂടെ കണ്ണോടിച്ചാല്‍ മനസിന് കുളിരേകുന്ന കാഴ്ചകള്‍ കാണാം. ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് അത്തരമൊരു മറഞ്ഞിരിക്കുന്ന സൗന്ദര്യമാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോള്‍ യാത്രികര്‍ക്ക് പുതിയൊരനുഭവമായി മാറിക്കൊണ്ടിരിക്കുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികള്‍ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും പിറന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ക്കായും ഈ സ്ഥലം ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
മനോഹരമായ ദൂരക്കാഴ്ചകളുടെ ഇടം
മൈക്രോവേവ് വ്യൂ പോയിന്റില്‍ നിന്ന് നോക്കുമ്പോള്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഈ വ്യൂ പോയിന്റിനെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വര്‍ണ്ണങ്ങള്‍ വാരിവിതറിയ മേഘങ്ങള്‍ക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യന്‍..പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങള്‍.. സൂര്യരശ്മികള്‍ ഈ മേഘങ്ങളില്‍ തട്ടുമ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണം പൂശി, ആ കാഴ്ചയെ വാക്കുകള്‍ക്കതീതമായ ഒരു അനുഭവമാക്കി മാറ്റി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണിവിടം..
പ്രകൃതിയൊരുക്കുന്ന മനോഹരമായ ഈ കാഴ്ചകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമിന്റെ വിശാലമായ ജലാശയം ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഉള്‍പ്പെടെയുള്ള ചൊക്രമുടി, പാല്‍ക്കുളം മേട്, തോപ്രാംകുടി -ഉദയഗിരി മലനിരകളുടെ വര്‍ണനാതീതമായ കാഴ്ച, മലമുകളില്‍ നിന്നുള്ള കാഴ്ചകളാല്‍ പ്രശസ്തമായ കാല്‍വരി മൗണ്ട് മലനിരകള്‍, തുടങ്ങിയവ ഈ സ്ഥലത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസല്‍, വെള്ളത്തൂവല്‍ സര്‍ജ്ജ്, പൂപ്പാറ, കള്ളിപ്പാറ, തുടങ്ങിയ പ്രശസ്തമായ മിക്കയിടങ്ങളും ഇവിടെ നിന്ന് നോക്കിയാല്‍ കാണാന്‍ സാധിക്കും. ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യവും കാടിന്റെ നിഗൂഢതയും നിങ്ങളെ വിസ്മയിപ്പിക്കും. ഒപ്പം, ഭാഗ്യമുണ്ടെങ്കില്‍ കാടിന്റെ വന്യതയില്‍ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരിക്കും ഇവിടുത്തെ ഓരോ കാഴ്ചയും.
സന്ദര്‍ശന സമയം, പ്രവേശന നിരക്ക്, സജ്ജീകരണങ്ങൾ
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിര്‍മ്മിച്ചിട്ടുണ്ട്.
15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരില്‍ മൂന്നു പേര്‍ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാന്‍ ഇവിടെയുണ്ടാകും.
എങ്ങനെ എത്താം
തൊടുപുഴ- ചെറുതോണി സംസ്ഥാനപാതയില്‍ കുയിലിമല സിവില്‍ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇ.എം.ആര്‍.എസ് സ്‌കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഈ മനോഹരമായ സ്ഥലത്തെത്താം. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരല്‍പ്പം സാഹസികത കൂടി അനുഭവിക്കാന്‍ ഈ വഴിയിലൂടെയുള്ള യാത്ര സഹായിക്കും.