'സ്ത്രീ' ആരോഗ്യ സുരക്ഷാ ക്യാമ്പയിന് കോഴിക്കോട് ജില്ലയില്‍ തുടക്കം

post

ചൊവ്വാഴ്ചകളില്‍ വുമണ്‍ വെല്‍നസ് ക്ലിനിക്കുകള്‍

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍


സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്ക് പ്രധാന്യം നല്‍കുന്ന 'സ്ത്രീ' (Strengthening Her to Empower Everyone) ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിശോധനകളും ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്.

എല്ലാ ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ വുമണ്‍ വെല്‍നെസ് ക്ലിനിക്കുകള്‍ ഒരുക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകളും നടത്തും. സ്വകാര്യത ഉറപ്പുവരുത്താന്‍ സൗകര്യമുള്ളതും എല്ലാവര്‍ക്കും എളുപ്പം എത്താന്‍ കഴിയുന്നതുമായ ഇടം കണ്ടെത്തിയാണ് അയല്‍ക്കൂട്ട സ്‌ക്രീനിങ് നടത്തുക. പൊതുവായ ശാരീരിക പരിശോധന, ബോഡി മാസ് ഇന്‍ഡക്സ്, രക്തസമ്മര്‍ദം, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ഹീമോഗ്ലോബിന്‍ പരിശോധന, വദന-സ്തനാര്‍ബുദ സ്‌ക്രീനിങ്, ആര്‍ത്തവ പ്രശ്നങ്ങള്‍ തുടങ്ങിയവക്കാണ് അയല്‍ക്കൂട്ട സ്‌ക്രീനിങ് മുന്‍ ഗണന നല്‍കുക. പരിശോധനാ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിലൊരിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനമുറപ്പാക്കും. പരിശോധനകളില്‍ വിദഗ്ധ ചികിത്സ വേണ്ടവരെ മികച്ച ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും.

ക്യാമ്പയിന്റ ജില്ലാതല ഉദ്ഘാടനം പാലാഴി ജനകീയാരോഗ്യ കേന്ദ്രത്തില്‍ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി നിര്‍വഹിച്ചു. അഡീ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധുകല, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, ഡി.എന്‍.ഒ പത്മിനി, എം.സി.എച്ച്.ഒ രമണി, മൃദുല ഭായ്, വി കെ പത്മനാഭന്‍, പി ഷൈനി, ഷൈജ, വാര്‍ഡ് മെമ്പര്‍മാരായ സിന്ധു, ഉഷ, രാധാകൃഷ്ണന്‍, ഷൈനി, ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.