'ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള സമൂഹം';സ്ത്രീ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്തു

post

പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്തുതല 'സ്ത്രീ കാമ്പയിന്‍' ഉദ്ഘാടനം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനം, പരിശോധന എന്നിവ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ സേവനവും ബോധവല്‍ക്കരണവും നല്‍കും. 'ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള സമൂഹം' എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.

മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു  വരെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സ്‌ക്രീനിങ് സംഘടിപ്പിക്കും. സ്ത്രീകളിലെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധനയും ഫോളിക് ആസിഡ്, അയണ്‍, കാല്‍സ്യം ഗുളികകളുടെ വിതരണവും സ്ത്രീ ക്ലിനിക്കില്‍ നല്‍കും. ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, എം.എല്‍.എസ്.പി, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ലിനിക്കിനും അയല്‍ക്കൂട്ട സ്‌ക്രീനിംഗ് കാമ്പയിനും നേതൃത്വം നല്‍കും.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സ്മിത ആന്‍ സാം വിഷയാവതരണം നടത്തി. ആര്‍.എം.ഒ ഡോ.സാബിന്‍ എ സമദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അനില്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ എം.പി ഷൈബി, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഷേര്‍ലി, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ എസ്.ശ്രീലത, പിആര്‍ഒ ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.