ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എംഎല്‍എ എം.എം മണി നിർവഹിച്ചു. ഇടുക്കി ജില്ലയില്‍ പൊതുവിലും ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പ്രത്യേകിച്ചും റോഡുകളുടെ വികസനം അടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് ചടങ്ങിൽ സംസാരിക്കവേ എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ജനപ്രതിനിധികള്‍ ചെയ്യണം. തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി എംഎല്‍എ എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. തുടര്‍ന്നും നാടിന് വേണ്ടി കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാവടി ഹോമിയോ ഡിസ്പെന്‍സറി, പകല്‍വീട്, മാവടി കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനവും, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 9 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവുമാണ് എം.എം മണി എംഎല്‍എ നിര്‍വഹിച്ചത്.
മാവടി ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍ മോഹനന് മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ അനുമോള്‍ ആന്റണി,യേശുദാസ് രാജപ്പന്, പി.ശര്‍മ്മിള, ബെന്നി തുണ്ടത്തില്‍, ജ്യോതി വനരാജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ തോമസ് വര്‍ഗീസ്, എസ് രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.