ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: കായിക ക്ഷമതാ പരീക്ഷയ്ക്ക് സമാപനം

post

നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായുള്ള കായിക ക്ഷമതാ പരീക്ഷ സമാപിച്ചു. ഇന്നലെ (14) പാരറജിമന്റ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി അഞ്ച് കി.മി റണ്‍ ചേസ് നടന്നു. തൂക്കുപാലം - രാമക്കല്‍മേട് റോഡില്‍ നടന്ന റണ്‍ചേസില്‍  ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ നിന്ന്  പാരാറെജിമെന്റിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ള 26 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.

ഇതിന് പുറമെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ പുള്‍ അപ്‌സ്, പുഷ് അപ്‌സ് തുടങ്ങി നാലിനം കായിക ക്ഷമതാ പരീക്ഷയും ഉണ്ടായിരുന്നു. ശനിയാഴ്ച ടെക്‌നിക്കല്‍ വിഭാഗത്തില്‍ കായിക ക്ഷമതാ പരീക്ഷ വിജയിച്ചവര്‍ക്ക് ഞായറാഴ്ച മെഡിക്കല്‍ പരിശോധനയും നടന്നു. ഇതോടെ സെപ്റ്റംബര്‍ 10 ന് ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പങ്കെടുത്ത മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളില്‍ എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 3102  ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തിയത്.  

1600 മീറ്റര്‍ റണ്‍ റേസ്, സിഗ് സാഗ് ബാലന്‍സ്, പുള്‍ അപ്‌സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടത്തിയത്. ഇവയ്ക്ക് പുറമെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കല്‍ പരിശോധനയും റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടന്നു. 120 ആര്‍മി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി നടന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്ത്, പൊതുമരാമത്ത്, റവന്യു, ആരോഗ്യം, പോലീസ്, വാട്ടര്‍ അതോറിറ്റി, വിദ്യാഭ്യാസം, കുടുംബശ്രീ, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി തുടങ്ങി വിവിധ വകുപ്പുകളുടെ  ഏകോപനത്തോടെയാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വിജയകരമായി സംഘടിപ്പിച്ചത്.