ആർമി റിക്രൂട്ട്മെന്റ് റാലി: നാലാം ദിനം ടെക്നിക്കൽ സ്റ്റാഫ് വിഭാഗത്തിൽ 657 ഉദ്യോഗാർഥികൾ പങ്കെടുത്തു

post

ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ  ആർമി റിക്രൂട്ട്മെൻ്റ് റാലി അഞ്ചാം ദിനത്തിലേക്ക് കടന്നു. നാലാം ദിനം കായിക ക്ഷമതാ പരീക്ഷയിൽ 657 ഉദ്യോഗാർഥികൾ പങ്കെടുത്തു. ഏഴ് ജില്ലകളിൽ നിന്നായി ടെക്നിക്കൽ സ്റ്റാഫ് വിഭാഗത്തിലാണ് 657 പേർ പങ്കെടുത്തത്.

സെപ്റ്റംബർ 14 ന്    ജനറൽ ഡ്യൂട്ടിക്കുള്ള ഉദ്യോഗാർഥികളിൽ നിന്നും പാരാറെജിമെൻ്റിലേക്ക് പോകാൻ താത്പര്യമുള്ളവർക്ക് തൂക്കുപാലം - രാമക്കൽമേട് റോഡിൽ  5 കി.മീ റൺചേസ് നടത്തും. ചൊവ്വാഴ്ച റിക്രൂട്ട്മെൻ്റ് റാലി പായ്ക്കപ്പ് ചെയ്യും. 

രാമക്കൽമേട് താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാർഥികൾക്ക് 9526836718, 9447232276 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സെപ്റ്റംബർ 10 ന് ആരംഭിച്ച ആർമി റിക്രൂട്ട്മെൻ്റ് റാലി 16 ന് സമാപിക്കും.

രാവിലെ നാല് മണിക്ക് അഡ്മിറ്റ് കാർഡ് പരിശോധനക്ക് ശേഷം അഞ്ച് മണിക്ക് കായികക്ഷമതാ പരീക്ഷ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്ട്മെൻ്റ് റാലി നടത്തുന്നത്.  

1600 മീറ്റർ റൺ റേസ്, സിഗ് സാഗ് ബാലൻസ്, പുൾ അപ്സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടക്കുന്നത്. ഇവയ്ക്ക് പുറമെ സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ പരിശോധനയും റിക്രൂട്ട്മെൻ്റ് റാലിയുടെ ഭാഗമായി നടത്തുന്നുണ്ട്. 120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്മെൻ്റ് റാലിയുടെ നടത്തിപ്പ് ചുമതല. 

ഏഴ് ജില്ലകളിൽ നിന്നായി 3102  ഉദ്യോഗാര്‍ഥികളാണ്   റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നത്.  എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർഥികളാണ് കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുന്നത്.  

നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കരസേന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.  നെടുങ്കണ്ടം, രാമക്കൽമേട് പ്രദേശങ്ങളിലാണ് ഉദ്യോഗാർഥികൾക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി   കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. 

പഞ്ചായത്ത്‌, പൊതുമരാമത്ത്, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ  സഹകരണത്തോടെയാണ്  റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.  കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷണശാലകളിൽ നിന്നും മിതമായ നിരക്കിൽ ഉദ്യോഗാർഥികൾക്ക് ഭക്ഷണം ലഭ്യമാകും.  കൂടാതെ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

ആരോഗ്യപരമായ അവശത നേരിടുന്ന ഉദ്യോഗാർഥികൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകാൻ മെഡിക്കൽ ടീം സജ്ജമാണ്. അടിയന്തര സേവനത്തിന് ആംബുലൻസ് സേവനവും സജ്ജീകരിച്ചിട്ടുണ്ട്. 

പൊലീസിനാണ് നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. 40 ൽ അധികം പോലീസ് ഉദ്യോഗസ്ഥരാണ് റിക്രൂട്ട്മെൻ്റ് റാലിക്ക് സേവനം നൽകി രംഗത്തുള്ളത്.  സ്റ്റേഡിയത്തിനുള്ളിലെ നിയന്ത്രണങ്ങൾക്ക് 20 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.