പെരുവന്താനം മൃഗാശുപത്രിയ്ക്ക് പുതിയ കെട്ടിടം

post

രാത്രികാല സേവനത്തിന് ട്രോൾ ഫ്രീ നമ്പർ

ഇടുക്കി പെരുവന്താനം മൃഗാശുപത്രിയ്ക്കായി പണി കഴിപ്പിച്ച പുതിയ കെട്ടിടം മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു .

ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരമേഖലയില്‍ വലിയ മാറ്റത്തിന് വഴി  തെളിക്കുന്ന  നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു .മൃഗാശുപത്രികളുടെ പ്രവർത്തന സമയത്തിന് ശേഷമുള്ള അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി കേരളത്തിലെ മുഴുവൻ ജില്ലകളിലും 1962 എന്ന ടോൾ ഫ്രീ നമ്പർ മുഖാന്തിരം മൊബൈൽ വെറ്റിനറി യൂണിറ്റുകളും മൊബൈൽ സർജറി യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് മൃഗചികിത്സാ വിവരങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും മൊബൈൽ ആപ്ലിക്കേഷൻ വഴി വിരൽത്തുമ്പിൽ ലഭ്യമാകുന്ന രീതിയിൽ "ഇ സമൃദ്ധ" എന്ന പേരിൽ മൃഗസംരക്ഷണ വകുപ്പിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം തയ്യാറായിട്ടുണ്ട്.  സമഗ്ര ഇൻഷ്വറൻസ് പദ്ധതി, എല്ലാ ജില്ലകളിലും കിടാരി പാർക്കുകൾ, പശു ഗ്രാമം പദ്ധതി, പലിശ ഇളവ് നൽകുന്ന പദ്ധതികൾ, അതിദരിദ്രർക്ക് ഒരു ലക്ഷം രൂപ പശുക്കളെ വാങ്ങിക്കുന്നതിനുള്ള സഹായം, തോട്ടം മേഖലയിലെ കന്നുകാലി ഷെഡുകൾ, മുടങ്ങാതെ നൽകുന്ന ഉയർത്തിയ ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ, ക്ഷീരകർഷകരുടെ മക്കൾക്ക് സ്കോളർഷിപ്പും, വിവാഹ ധനസഹായവും നൽകുന്ന പദ്ധതികൾ, ക്ഷീര സാന്ത്വനം എന്ന പേരിലുള്ള കർഷക ഇൻഷ്വറൻസ് പദ്ധതി, വേനൽ ചൂടിൽ മരണപ്പെട്ട കന്നുകാലികൾക്കും, ചർമ്മമുഴ രോഗം വന്ന് മരണപ്പെട്ട കന്നുകാലികൾക്കും നൽകിയ 37500 രൂപ വിതമുള്ള ധനസഹായം, പന്നിപ്പനി ബാധയെ തുടർന്ന് വിവിധ ജില്ലകളിൽ ദയാവധം നടത്തിയ പന്നികൾക്കുള്ള നഷ്ടപരിഹാരം, പന്നിപ്പനി ബാധിച്ച് മരണപ്പെട്ടുപോയ പന്നികൾക്കുള്ള ധനസഹായം, പക്ഷിപ്പനി ബാധയെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്ക് നൽകിയ ധനസഹായം, മുഴുവൻ ബ്ലോക്കുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ ആരംഭം, ശസ്ത്രക്രിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ സർജറി യൂണിറ്റുകളുടെ പ്രവർത്തനം, മിൽമ ഈ വർഷം ഉണ്ടാക്കിയ വൻ സാമ്പത്തിക ലാഭം എന്നിവയെല്ലാം ക്ഷിര മേഖലയെ താങ്ങി നിർത്തുന്നതിനുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യനെ പോലെ തന്നെ മൃഗങ്ങളെയും സംരക്ഷിച്ചുകൊണ്ട് വലിയൊരു മാറ്റത്തിന്  ഈ മേഖല വഴിതെളിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അന്തരിച്ച വാഴൂര്‍ സോമന്‍ എം.എല്‍.എ.യുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ത്രി അനുസ്മരിച്ചു. യോഗത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കര്‍ഷകക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു. 

പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ് ഇ-സമൃദ്ധ പദ്ധതിയുടെ ലോഗിന്‍ കര്‍മ്മം നിര്‍വഹിച്ചു.പെരുവന്താനം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി.എന്‍ ഝാന്‍സി മൊബൈല്‍ സര്‍ജറി ആങ്കറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരണം നടത്തി. പരിപാടിയോടനുബന്ധിച്ച് പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷീരകര്‍ക്കായി 'കന്നുകുട്ടിയുടെ ആരോഗ്യം ക്ഷീര സമൃദ്ധിക്കായി' എന്ന വിഷയത്തില്‍ കോലാനി കോഴി വളര്‍ത്തല്‍ കേന്ദ്രം, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജെയിസണ്‍ ജോര്‍ജ് ക്ലാസ്സ് നയിച്ചു.

പരിപാടിയില്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മോളി ഡൊമിനിക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു. ഇ. ആര്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ വിജയന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലിക്കുട്ടി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട്, എബിന്‍ വര്‍ക്കി, മേരിക്കുട്ടി ഓലിക്കല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ശിവദാസന്‍,  ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്,  പെരുവന്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീഷ് ചന്ദ്രന്‍ ജി. ആര്‍,സീനിയര്‍ വെറ്റിറിനറി സര്‍ജന്‍ ഡോ. ജലജ കെ.എല്‍., വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.