കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

post

പത്തനംതിട്ട കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം  കുരുമ്പന്‍മൂഴി ഉന്നതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു നിര്‍വഹിച്ചു.

വികസനം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് മന്ത്രി പറഞ്ഞു.മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വികസനം എത്തണം. കേരളത്തിലെ എല്ലാ ജനങ്ങളും വികസനം അനുഭവിച്ചറിയണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. വികസന മുന്നേറ്റത്തിനായാണ്  സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്.  സ്‌കൂള്‍, ആശുപത്രി, റോഡ് തുടങ്ങി എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമായി.


 പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  ഏവിയേഷന്‍ കോച്ചിംഗ്  ലഭിച്ച  115 വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനത്താവളങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു.  വിദേശത്ത് ഒരു വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ചിലവില്‍ ആയിരത്തോളം കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. ഐഎഎസ്, നഴ്‌സിംഗ്, പാരമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുരുമ്പന്‍മൂഴിയിലെ ജനങ്ങള്‍ക്ക് ആശ്രയമായി നടപ്പാലം മാറുമെന്ന് അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് 7 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ ഭാഗമായി പെരുന്തേനരുവിയില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കുമെന്നും എംഎല്‍എ പറഞ്ഞു.

പട്ടികവര്‍ഗ വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 3.97 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ പാലം നിര്‍മിക്കുന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, അംഗം മാത്യു കാനാട്ട്, നാറാണമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം ജി രാജപ്പന്‍, ഊരു മൂപ്പന്‍ പൊടിയന്‍ കുഞ്ഞുകുഞ്ഞ്, കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജര്‍ ഷാല്‍ബി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.