ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് നെടുങ്കണ്ടത്ത് തുടക്കം

post

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്ക് അഡ്മിറ്റ് കാര്‍ഡ് പരിശോധനക്ക് ശേഷം അഞ്ച് മണിക്ക് കായികക്ഷമതാ പരീക്ഷ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.  

ബുധനാഴ്ച നടന്ന കായികക്ഷമതാ പരീക്ഷയില്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്ന് ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. 1600 മീറ്റര്‍ റണ്‍ റേസ്, സിഗ് സാഗ് ബാലന്‍സ്, പുള്‍ അപ്‌സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയും നടത്തി. ഇവയ്ക്ക് പുറമെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കല്‍ പരിശോധനയും റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടന്നു. 120 ആര്‍മി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. 


ഏഴ് ജില്ലകളില്‍ നിന്നായി 3102  ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്.   എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികളാണ് കായിക ക്ഷമതാ പരീക്ഷയില്‍  പങ്കെടുക്കുന്നത്.  

നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കരസേന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നെടുങ്കണ്ടം, രാമക്കല്‍മേട് പ്രദേശങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി കോട്ടയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. 

പഞ്ചായത്ത്, പൊതുമരാമത്ത്, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോ ടെയാണ് റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷണശാലകളില്‍ നിന്നും മിതമായ നിരക്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഭക്ഷണം ലഭ്യമാകും. കൂടാതെ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.


ആരോഗ്യപരമായ അവശത നേരിടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ ടീം സജ്ജമാണ്. അടിയന്തര സേവനത്തിന ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസിനാണ് നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. സ്റ്റേഡിയത്തിനുള്ളിലെ നിയന്ത്രണങ്ങള്‍ക്ക് ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. സെപ്റ്റംബര്‍ 16 ന് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സമാപിക്കും.

ഇന്ന് (11,വ്യാഴാഴ്ച) തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 788 പേരും, 12 ന് കൊല്ലം ജില്ലയില്‍ നിന്ന് ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 829 പേരും, 13 ന് ഏഴ് ജില്ലകളില്‍ നിന്നായി ടെക്‌നിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 843  പേരും റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കും. 

സെപ്റ്റംബര്‍ 14 ന് 13-ാം തീയതിയിലെ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തും. 15 ന് ജനറല്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പാരാറെജിമെന്റിലേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് 5 കി.മീ റണ്‍റേസ് നടത്തും. 16 ന് റിക്രൂട്ട്‌മെന്റ് റാലി സമാപിക്കും. 


വ്യാഴാഴ്ച (11) റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ പുലര്‍ച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കും. രാവിലെ 5 ന് കായികക്ഷമതാ പരിശോധന ആരംഭിക്കും. കായികക്ഷമതാ പരിശോധന വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റും നടത്തും.

റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന  ഉദ്യോഗാര്‍ഥികള്‍ക്ക് രാമക്കല്‍മേട്, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ റിസോര്‍ട്ടുകളില്‍ ന്യായമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാകും.  രാമക്കല്‍മേട് താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 9526836718, 9447232276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.