അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

post

ഇടുക്കി : അനധികൃതമായി സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കെതിരെ ഉദ്യാഗസ്ഥര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി  മന്ത്രി എം.എം. മണി. കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി  നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗം വിലയിരുത്തിയത്.

കാട്ടുപാതകളിലൂടെയും ഇടവഴികളിലൂടെയും തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയണം. ഇതിന് പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ആരോഗ്യ, റവന്യു വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. അനധികൃതമായി എത്തുന്നവരെ കസ്റ്റഡിയിലെടുത്ത് നിര്‍ബന്ധിത നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യവും ലഭ്യമാക്കാന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. തമിഴ്നാട്ടില്‍ പോയി പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ എടുക്കാന്‍ ചരക്ക് വാഹനങ്ങള്‍ക്ക് പാസ് നല്കണമെന്നും മന്ത്രി പറഞ്ഞു. ചരക്ക് എടുക്കാന്‍ പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം വ്യാപാര സ്ഥാപന ഉടമകള്‍ പോകുവാന്‍ പാടില്ല. ഇത്തരത്തില്‍ ചരക്കെടുത്ത് തിരികെ വന്ന ഉടമകള്‍ കടകളില്‍ കച്ചവടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായും ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരളത്തില്‍ നിന്നു പോയി ചരക്ക് എടുത്ത് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുകയും പരിശോധന നടത്തുകയും ചെയ്യും.കമ്പംമെട്ട് - നെടുങ്കണ്ടം മേഖലയ്ക്കായി ആംബുലന്‍സ് സൗകര്യം വേണമെന്ന്  ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു. നെടുങ്കണ്ടം അര്‍ബന്‍ ബാങ്കിന്റെ ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിട്ടു നല്കാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.

 അതിര്‍ത്തി മേഖലകളിലെ ഗ്രാമ പഞ്ചായത്തു വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസിന് കൂടുതല്‍ വാഹന സൗകര്യം ആവശ്യമാണെന്ന് കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ്മോഹന്‍ അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമല്ലാത്ത  വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ വാഹനങ്ങള്‍ പോലീസ് അവശ്യ സര്‍വീസിനായി വിട്ടുകിട്ടാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട്   നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുണാപുരം ഗ്രാമപഞ്ചായത്ത് നല്കുന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍ മന്ത്രിക്ക് കൈമാറി. സാമൂഹിക അകലം പാലിച്ച്, കൈകള്‍ സാനിറ്ററൈസര്‍ ഉപയോഗിച്ച് ശുചീകരിച്ചുമാണ്  പരിമിതമായ ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തത്.