ഇടുക്കി പാക്കേജ് അവലോകന യോഗം ചേർന്നു

post

ഇടുക്കി പാക്കേജ് അവലോകന യോഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റില്‍ ചേർന്നു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. ഇടമലക്കുടിയില്‍ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ എടുക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി പ്രത്യേക അനുമതി നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

പ്ലാന്റേഷന്‍ മേഖലകളിലും പിന്നോക്ക മേഖലകളിലും പത്ത് മോഡല്‍ അങ്കണവാടികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ അഞ്ച് അങ്കണവാടികള്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലാണ്. റീ ടെന്‍ഡര്‍ നടപടികള്‍ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലാണ് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചത്. 

ഇടുക്കി ടൂറിസത്തെ ബ്രാന്‍ഡ് ചെയ്യുന്നതിനും പ്രചരണം നടത്തുന്നതിനും സമഗ്രമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇടുക്കി ഡാം റിസര്‍വോയറില്‍ ടൂറിസറ്റുകള്‍ക്ക് ബോട്ടിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. 

വന്യജീവി ആക്രമണം രൂക്ഷമായ 15 മേഖലകളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കും. ഇതില്‍ കാലതാമസം നേരിടുന്ന ഏഴ് പ്രവൃത്തികളുടെ റീ ടെന്‍ഡര്‍ രണ്ടു ദിവസത്തിനകം നടക്കും. ദേവികുളത്ത് വന്യമൃഗ ശല്ല്യമുള്ള പ്രദേശങ്ങളില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഈ മാസം തന്നെ ആരംഭിക്കും. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലബോറട്ടറികളുടെ നിര്‍മ്മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. 

2022-23, 2023-24, 2024-25 വര്‍ഷങ്ങള്‍ മുതലുള്ള പദ്ധതികളാണ് യോഗത്തില്‍ അവലോകനം ചെയ്തത്. വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അവതരിപ്പിച്ചു. വണ്ടിപ്പെരിയാര്‍ കനാല്‍ പുനരുജ്ജീവനം, സോളാര്‍ ഫെന്‍സിങ്, പൈനാവ് വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റല്‍, പാലങ്ങള്‍, ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജ്, നെടുങ്കണ്ടം പോളിടെക്‌നിക് കോളേജ്, തുടങ്ങിയ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.

എം. എല്‍. എ. മാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാംകുന്നേല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.