'ഓണവില്ല്' ഇടുക്കി ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം

post

ഇടുക്കി ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. 'ഓണവില്ല്' എന്ന് പേരിട്ടിരിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല രീതിയിൽ അസമത്വങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ജാതി മത വ്യത്യാസമില്ലാതെ സന്തോഷകരമായി ഓണം ആഘോഷിക്കുമ്പോൾ ശുചിത്വത്തിന് പ്രാധാന്യം നൽകണമെന്ന് ഓണസന്ദേശം നൽകികൊണ്ട് അദ്ദേഹം പറഞ്ഞു. ശുചിത്വസുന്ദര നഗരത്തിന് പ്രാധാന്യം നൽകിയാണ് പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ജില്ലാതല ഓണം ടൂറിസം വാരാഘോഷം. പരിപാടിയോട് അനുബന്ധിച്ച് വിവിധ ഇനം കലാ-കായിക മത്സരങ്ങളും അരങ്ങേറും.

സെപ്റ്റംബർ 4 ന് ഓണപ്പാട്ട് മത്സരം, വാല് പറിക്കൽ മത്സരം, ബലൂൺ പൊട്ടിക്കൽ, പപ്പടം ഏറ്, റൊട്ടി കടി, ബോൾ ബാസ്കറ്റിങ്,ഹണ്ടിങ് സ്റ്റമ്പ് തുടങ്ങിയ വിവിധ കലാമത്സരങ്ങൾ ചെറുതോണി  ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കും. ഒന്നാം സമ്മാനം 501 രൂപയും രണ്ടാം സമ്മാനം 301 രൂപയും മൂന്നാം സമ്മാനം 201 രൂപയുമാണ്. 5 ന്  തിരുവോണദിനത്തിൽ പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ നടക്കും. 6 ന് ഫൈവ്സ് ഫുട്ബോൾ മത്സരം വാഴത്തോപ്പ് എച്ച്ആർ സി ഗ്രൗണ്ടിൽ നടക്കും. 8 ന് ചെറുതോണി മെയിൻ സ്റ്റേജിൽ വൈകിട്ട് 3 മുതൽ കൈകൊട്ടി കളി, ഇടുക്കി കലാജ്യോതിയുടെ ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും. സമാപന ദിനമായ സെപ്റ്റംബർ 9 ന് ഉച്ചയ്ക്ക് 2.30 ന് ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര ചെറുതോണി പെട്രോൾ പമ്പിന് സമീപത്ത് നിന്നും ആരംഭിക്കും. വൈകിട്ട് 3.30 ന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, എംഎൽഎമാരായ എംഎം മണി, എ.രാജ, പി.ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമുദായിക- സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ചെറുതോണി ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ അധ്യക്ഷനായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ജേക്കബ് ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, രാജു കല്ലറക്കൽ, നൗഷാദ് ടി., നിമ്മി ജയൻ, ടിന്റു സുഭാഷ്, സെലിൻ, വിൻസെൻറ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം അനിൽ കൂവപ്ലാക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസ് കുഴിക്കണ്ടം, ഔസപ്പച്ചൻ ഇടക്കുളം, അബ്ബാസ് കണ്ടത്തിങ്കര, അസീസ് തുടങ്ങിയവർ പങ്കെടുത്തു.