ഇടുക്കി താലൂക്ക് ഓണം ഫെയർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കട്ടപ്പനയിൽ ഇടുക്കി താലൂക്ക് ഓണം ഫെയർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. വിപണി വില നിയന്ത്രിക്കാൻ എല്ലാ സ്ഥലങ്ങളിലും ആവശ്യസാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മതേതര കാഴ്ചപാടുകൾ ഇളം തലമുറക്ക് പകർന്നു കൊടുക്കേണ്ട പഴയകാല ഓർമ്മകളുടെ പുതിയ സ്മരണയാണ് ഓണഘോഷമെന്നും അദ്ദേഹം പറഞ്ഞു.
ആവലാതികളും പരാധിനതകളുമുള്ള ഘട്ടത്തിൽ പോലും അത് മാറ്റിവച്ച് ഓണത്തെ വരേവേൽക്കുന്നവരാണ് മലയാളികൾ. 2018-19 ലെ പ്രളയ കാലത്തും പരിമിതമായ സൗകര്യങ്ങളിൽ നമ്മൾ ഓണം ആഘോഷിച്ചിട്ടുണ്ട്. വിദേശത്തും ഇത് തന്നെയാണ് കാണുന്നതെന്നും മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണത്തിൻ്റെ ചിന്തകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണം ഫെയറുകളിൽ അഞ്ച് ശതമാനം മുതൽ 50 ശതമാനം വില കുറവിൽ നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. സെപ്റ്റംബർ നാല് വരെയാണ് ഓണം ഫെയറുകൾ
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നിറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.ജെ ബെന്നി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ജാൻസി ബേബി സമൃദ്ധി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബിന്ദുലത രാജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി എസ് അജേഷ്, മനോജ് എം തോമസ്, ഇടുക്കി താലൂക്ക് ഡിപ്പോ മാനേജർ കെ.ആർ സന്തോഷ് കുമാർ, എൻഎഫ്എസ്എ ജൂനിയർ അസിസ്റ്റൻ്റ് കൃഷ്ണകുമാരി അമ്മ എന്നിവർ സംസാരിച്ചു.