കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം വിപണനമേള തുടങ്ങി

post

സെപ്റ്റംബര്‍ 4 വരെ ചെറുതോണിയില്‍

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന വിപണനമേളകള്‍ ശ്രദ്ധേയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഓണം വിപണനമേളകള്‍ നടന്നുവരികയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഘടിത ശക്തിയായി കുടുംബശ്രീ മാറിയെന്നും പ്രസിഡന്റ് പറഞ്ഞു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ അധ്യക്ഷത വഹിച്ചു. ഓണം വിപണനമേളയിലെ സംരംഭസ്റ്റാളുകളുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്  ആദ്യവില്‍പ്പന നിര്‍വഹിച്ചു.

ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ഓണം പ്രദര്‍ശന വിപണനമേള നടക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ മായമില്ലാത്ത ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പായസം, ട്രൈബല്‍ ഉല്‍പ്പന്നങ്ങള്‍, ഫുഡ് സ്റ്റാള്‍ തുടങ്ങിയവ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയന്‍, പ്രഭ തങ്കച്ചന്‍, നൗഷാദ് ടി. ഇ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഷിബു ജി, തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, രാഷ്ട്രീയസമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.