ദേശീയ ശുചിത്വ സര്‍വേ: മികച്ച പ്രകടനം കാഴ്ച വച്ച ഇടുക്കി ജില്ലയിലെ നഗരസഭകള്‍ക്ക് ആദരം

സ്വച്ഛ് സര്‍വേക്ഷന്‍ 2024-25 ദേശീയ ശുചിത്വ സര്‍വേ റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഇടുക്കി ജില്ലയിലെ രണ്ടു നഗരസഭകളെയും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ആദരിച്ചു. നഗരസഭകള്‍ക്കു ജില്ലാ ശുചിത്വമിഷന്റെ പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റും കൈമാറി.രണ്ടു നഗരസഭകളും ദേശീയ തലത്തില്‍ അഞ്ഞൂറില്‍ താഴെ റാങ്കു നേടി. കട്ടപ്പന നഗരസഭയ്ക്ക് 2023 -24 ല്‍ ലഭിച്ച സ്‌കോര്‍ 3425 ഉം ദേശീയ തലത്തിലെ റാങ്ക് 1721 ഉം ആയിരുന്നു. എന്നാല്‍ 2024-25 ല്‍ കട്ടപ്പന നഗരസഭ 8012 സ്‌കോര്‍ നേടി ദേശീയ തലത്തില്‍ 331 റാങ്ക് കരസ്ഥമാക്കി. ഓ ഡി എഫ് പ്ലസ് പദവി നിലനിര്‍ത്താനും നഗരസഭയ്ക്ക് സാധിച്ചു. ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗ് ദേശീയ റാങ്കിങ്ങിലും കട്ടപ്പന നഗരസഭയ്ക്ക് തിളക്കമാര്‍ന്ന നേട്ടമുണ്ട്. സംസ്ഥാനത്ത് ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗില്‍ റാങ്ക് നേടിയ 23 നഗരങ്ങളില്‍ ഒന്നായ കട്ടപ്പന നഗരസഭ ഒരു സ്റ്റാര്‍ നേടിയാണ് ഈ നേട്ടം കൈവരിച്ചത്.
കട്ടപ്പന നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീന ടോമി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുപ്രിയ കെ എസ്, ശുചിത്വ മിഷന്‍ യങ് പ്രൊഫെഷണല്‍ പ്രവീണ കെ ജി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.തൊടുപുഴ നഗരസഭ 2023-24 ല്‍ 2745 സ്‌കോര്‍ നേടി ദേശീയ തലത്തില്‍ 2912 റാങ്ക് നേടിയിരുന്നു. എന്നാല്‍ 2024-25 ല്‍ നഗരസഭയ്ക്ക് 7307 സ്‌കോര്‍ നേടി ദേശീയതലത്തില്‍ 342 റാങ്ക് നേടാനായി. കൂടാതെ ഓ ഡി എഫ് പ്ലസ് പദവി നിലനിര്‍ത്തുന്നതിനും സാധിച്ചു.
തൊടുപുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എ കരിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, ശുചിത്വ മിഷന്‍ യങ് പ്രൊഫെഷണല്‍ അഖില ശിവന്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ നഗരസഭയ്ക്കുള്ള പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്‍, പ്രോഗ്രാം ഓഫീസര്‍ അനുമോള്‍ തങ്കച്ചന്‍, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് അമല്‍ മാത്യു ജോസ് എന്നിവരും പങ്കെടുത്തു.