മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: മേഖലാ സമ്മേളനം തിരുവനന്തപുരത്ത്

post

മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി, ദേശീയ നിയമ സേവന അതോറിറ്റി (NALSA) യും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും (KeLSA) സംയുക്തമായി ആഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം കേരള നിയമസഭാ മന്ദിരത്തിൽ വച്ച് 'മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: നിയമ-നയപരമായ വീക്ഷണം' എന്ന വിഷയത്തിൽ മേഖല സമ്മേളനം നടത്തും.

സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജും ദേശീയ നിയമ സേവന  അതോറിറ്റി (NALSA) എക്‌സിക്യൂട്ടിവ് ചെയർമാനുമായ ജസ്റ്റിസ്സ് സൂര്യകാന്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സും KeLSA രക്ഷാധികാരിയുമായ ജസ്റ്റിസ് നിതിൻ ജാംദാർ, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ബി.വി. നാഗരത്ന, സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനായ ജസ്റ്റിസ് വിക്രം നാഥ്, ഹൈക്കോടതിയിലെ സീനിയർ ജഡ്ജും കേരള നിയമ സേവന അതോറിറ്റി (KeLSA) എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ്, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, കേരള നിയമവകുപ്പ് മന്ത്രി പി.രാജീവ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

ആറ് തെക്കൻ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സുപ്രിം കോടതി ജഡ്ജിമാർ, മദ്രാസ്, കേരള, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ, ഹൈക്കോടതി ജഡ്ജിമാർ, വിവിധ സംസ്ഥാന-ജില്ലാ നിയമ സേവന അതോറിറ്റികളിലെ മെമ്പർ സെക്രട്ടറി, ജില്ലാ ജഡ്ജിമാർ, ജില്ലാ നിയമ സേവന അതോറിറ്റികളിലെ (DLSA) സെക്രട്ടറിമാർ, അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

'മനുഷ്യ-മൃഗ സംഘർഷ ഇരകൾക്കുള്ള നിയമ സേവനങ്ങൾ 2025' എന്ന മേഖല സമ്മേളനത്തിന്റെ ഭാഗമായി NALSA നേതൃത്വത്തിലുള്ള പദ്ധതികളും ജില്ല നിയമ സേവന അതോറിറ്റിയുടെ വെബ്സൈറ്റിന്റെ പെർമനന്റ് ലോക് അദാലത്തിൽ ഇ-ഫയലിംഗും വീഡിയോ കോൺഫറൻസിംഗും, 'സമന്വയ' പദ്ധതിയും ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ ജംദാർ ആണ്.