ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് പ്രകാശനം ചെയ്തു

post

ഹരിത കേരളം മിഷന്റെയും ഇരിക്കൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ 2024-25 വർഷത്തെ ജലബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ പ്രകാശനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ സുലൈഖ ടീച്ചർ അധ്യക്ഷയായി.

പഞ്ചായത്തിലെ നിലവിലുള്ള ജല സ്രോതസ്സുകളുടെ വിവരം, വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, മഴയുടെ തോത് എന്നിവ ജല ലഭ്യതാ വിഭാഗത്തിലും ഗാർഹികം, കൃഷി, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നിവ വിനിയോഗ വിഭാഗത്തിലും ഉൾപ്പെടുത്തി. ഇതിനാവശ്യമായ ജലത്തിന്റെ അളവും ലഭ്യമാകുന്ന ജലത്തിന്റെ അളവും താരതമ്യം ചെയ്താണ് ജലബജറ്റ് തയ്യാറാക്കിയത്.

ഹരിത കേരളം മിഷൻ പ്രതിനിധി പി സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.