പാപ്പിനിശ്ശേരി-താഴെചൊവ്വ ദേശീയപാത അറ്റകുറ്റപ്പണി; മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

post

പാപ്പിനിശ്ശേരി -താഴെചൊവ്വ ദേശീയപാതയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കണ്ണൂർ കലക്ടറേറ്റിൽ യേഗം ചേർന്നു.

പാപ്പിനിശ്ശേരി മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാത റീ ടാറിങ് നടത്തണമെന്ന് മന്ത്രി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. മഴ പെയ്തു പൊട്ടിപൊളിഞ്ഞ റോഡില്‍ ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.

അറ്റകുറ്റപ്പണി ഒഴിവാക്കി റീ ടാറിങ് നടത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും കരാര്‍ കമ്പനിയോടും മന്ത്രി ആവശ്യപ്പെട്ടു. റോഡ് നിലവില്‍ വളരെ മോശമായ അവസ്ഥയിലാണുള്ളതെന്നും നവംബറോടെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും കെ.വി. സുമേഷ് എംഎല്‍എ ആവശ്യപ്പെട്ടു.

ഒമ്പത് വര്‍ഷമായി റോഡ് ടാര്‍ ചെയ്തിട്ട്. അറ്റകുറ്റപണി മാത്രം ചെയ്യുന്നത് തുടര്‍ച്ചയായ ഗതാഗത തടസ്സത്തിന് കാരണമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഓവുചാല്‍ പ്രശ്‌നം ഉള്ളതിനാല്‍ അടുത്ത മണ്‍സൂണില്‍ റോഡ് തകര്‍ച്ചക്ക് സാധ്യത ഉണ്ടെന്നും റീ ടാറിങ്ങിന് അനുമതി നല്‍കണമെന്നും കരാര്‍കമ്പനി യോഗത്തെ അറിയിച്ചു. റോഡിന്റെ അറ്റകുറ്റപ്പണി പിഡബ്ല്യൂഡി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കെ.വി. സുമേഷ് എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് കലക്ടറേറ്റിൽ യോഗം ചേർന്നത്.

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീന, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എ സ് ഇ.ടി ബിനു, എന്‍എച്ച്എഐ കണ്ണൂര്‍ എസ് ഇ ഹര്‍കജിത് മീണ, നാഷണല്‍ ഹൈവേ ലൈസണ്‍ ഓഫീസര്‍ കെ.വി അബ്ദുള്ള, വിശ്വസമുദ്ര പ്രതിനിധി ശ്യാം ലാല്‍, പിഡബ്ല്യൂഡി എന്‍ എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ലീല, എം രാജശേഖര്‍ എന്നിവര്‍ പങ്കെടുത്തു.