യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 7.0: വിജയികൾക്ക് പരിശീലനം

post

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) ന്റെ നേതൃത്വത്തിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകളിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത നേടിയ 27 ജില്ലാതല വിജയികൾ ക്കാണ് പരിശീലനം നൽകിയത്.

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ പരിപാടിയിൽ ഡിസൈൻ തിങ്കിംഗ്, പ്രോട്ടോക്കോൾ ബിൽഡിംഗ് തുടങ്ങിയ വിഷയങ്ങളിൽ 

രണ്ടു ദിവസത്തെ പരിശീലന ക്ലാസുകൾ നടത്തി. ഷാബു ഗംഗാധരൻ പരിശീലന പരിപാടിക്കു നേതൃത്വം നൽകി. കെ-ഡിസ്‌കിന്റെ പ്രഥമ പദ്ധതിയായ യങ്‌ ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ നോളജ് ബേസ്ഡ് സൊസൈറ്റിയെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

സാമൂഹികമായും സാമ്പത്തികമായു പ്രയോജനപ്പെടുന്ന പുതുമകൾക്ക് പ്രോത്സാഹനം നൽകുകയും വിദ്യാർഥികളുടെ ആശയങ്ങളെ സമൂഹത്തിൽ നടപ്പാക്കാവുന്ന പദ്ധതികളാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ കോളേജുകളിൽ സംഘടിപ്പിച്ച യങ്‌ ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 7.0 ആശയാവിഷ്‌കാര മത്സരത്തിൽ പ്രാഥമികഘട്ടം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്നും 431 വിദ്യാർഥികൾ അടങ്ങുന്ന 131 ടീമുകൾ ജില്ലാതല വിജയികളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓരോ ടീമിനും 25,000 രൂപ വീതം സമ്മാനത്തുക ലഭിക്കുകയും സംസ്ഥാനതല മൂല്യനിർണയത്തിന് യോഗ്യത നേടുകയും ചെയ്തു.  

പരിശീലന പരിപാടിയുടെ രണ്ടാം ദിവസം വിദ്യാർഥികൾ വികസിപ്പിച്ച പ്രോട്ടോടൈപ്പ് മോഡലുകളുടെ അവതരണം നടത്തി. പരിശീലനത്തിലൂടെ വിദ്യാർഥികൾക്ക് ആശയങ്ങളെ വ്യക്തതയാർന്ന രീതിയിൽ അവതരിപ്പിക്കാനും, സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ എങ്ങനെ വികസിപ്പിക്കാം എന്ന് ചിന്തിക്കാനും അവസരം ലഭിച്ചുവെന്ന് പരിശീലന പരിപാടിയുടെ സംഘാടകനും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് യങ്‌ ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം കോ ഓഡിനേറ്ററും ആയ പ്രൊഫ. രതീഷ് ടി കെ അറിയിച്ചു.