1000 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സമ്പാദ്യ പദ്ധതി;മികച്ച നേട്ടം കൈവരിച്ച് ജില്ല

78, 319 വിദ്യാര്‍ത്ഥികള്‍ അംഗങ്ങൾ
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സമ്പാദ്യ ശീലം വളർത്താൻ സംസ്ഥാന സർക്കാർ ഗവൺമെൻ്റ്/എയ്ഡഡ് സ്കൂളുകളിലായി നടപ്പാക്കിവരുന്ന വിദ്യാർത്ഥി സമ്പാദ്യ പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ജില്ല. ജില്ലയിലെ ആകെ 1192 സ്കൂളുകളിൽ 1003 സ്‌കൂളുകൾ സ്റ്റുഡൻസ് സേവിങ്സ് സ്കീമിൻ്റെ ഭാഗമാണ്. 2025 ഓഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം 78, 319 വിദ്യാര്‍ത്ഥികള്‍ പദ്ധതിയിൽ അംഗങ്ങളാണ്. 3.28 കോടി രൂപയാണ് ജില്ലയിലെ മൊത്തം നിക്ഷേപം. വിദ്യാഭ്യാസം, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കി വരുന്നത്.
നാദാപുരം, തോടന്നൂർ, കൊടുവള്ളി, റൂറൽ എഇഓകൾക്കു കീഴിലെ മുഴുവൻ സ്കൂളുകളും പദ്ധതിയുടെ ഭാഗമാണ്. ഡി ഇ ഒ വടകരയിൽ ഉൾപ്പെടുന്ന സ്കൂളുകളും മുക്കം, കുന്ദമംഗലം, പേരാമ്പ്ര, ബാലുശ്ശേരി, മേലടി, ചോമ്പാല തുടങ്ങി എഇഓകൾക്കു കീഴിലെ 95 ശതമാനത്തിലധികം സ്കൂളുകളിലും പദ്ധതി നടപ്പാക്കി വരുന്നു.
2016-ൽ കേന്ദ്രസര്‍ക്കാര്‍ സഞ്ചയിക പദ്ധതി നിര്‍ത്തലാക്കിയതോടെയാണ് സംസ്ഥാന സര്‍ക്കാർ സഞ്ചയികയുടെ അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്റ്റുഡന്‍സ് സേവിംങ്സ് സ്കീം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്പാദ്യ പദ്ധതി ആരംഭിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അംഗങ്ങൾക്ക് എത്ര ചെറിയ തുകയും നിക്ഷേപിക്കാം. ആഴ്ചയിൽ ഒരിക്കൽ അധ്യാപകർ പണം ട്രഷറിയിൽ അടയ്ക്കും. നാല് ശതമാനമാണ് പലിശ.
സ്ഥാപന മേധാവി, രണ്ട് രക്ഷകര്‍ത്താക്കള്‍, രണ്ട് അധ്യാപകര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങിയ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇവര്‍ അംഗങ്ങളായി ട്രഷറിയില്‍ വിദ്യാര്‍ഥികളുടെ സമ്പാദ്യ പദ്ധതി എന്ന പേരില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും. പദ്ധതിയില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ട് നമ്പറും പാസ് ബുക്കും ലഭിക്കും. നിക്ഷേപിക്കുന്ന തുകയും പിന്‍വലിക്കുന്ന തുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. ടി സി വാങ്ങിപ്പോവുകയോ മറ്റ് കാരണങ്ങളോ കൊണ്ട് അംഗത്വം വേണ്ടെന്ന് വെക്കുന്നവർക്ക് പലിശ സഹിതം തുക തിരിച്ചു നൽകും.
ജില്ലയിലെ സ്കൂളുകൾ മികച്ച രീതിയിലാണ് പദ്ധതിയോട് പ്രതികരിക്കുന്നതെന്ന് ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ പറഞ്ഞു. ജില്ലയിൽ 100 ശതമാനം നേട്ടം കൈവരിക്കാനുള്ള പ്രയത്നങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കിടയിൽ പദ്ധതിക്ക് നല്ല സ്വീകാര്യതയാണെന്ന് ഗവൺമെൻറ് എച്ച്എസ്എസ് വളയം പ്രധാനാധ്യാപകനായ ടി മഹേഷ് പറയുന്നു. ഏറ്റവും ചെറിയ തുക മുതൽ നിക്ഷേപിക്കാമെന്നതിനാൽ കുട്ടികൾ അനാവശ്യമായി കാശ് ചെലവാക്കുന്നത് കുറയുന്നതാണ് അനുഭവം. മിഠായി പൊതി പോലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്ത് കുറയുന്നതായും കാണുന്നുണ്ട്. സ്കൂളിലെ പഠന- വിനോദയാത്രയ്ക്കായും തുടർ വിദ്യാഭ്യാസത്തിനായും കുട്ടികൾ പദ്ധതിയിലെ നിക്ഷേപം ഉപയോഗിക്കുന്നുണ്ട്. വലിയ തുകകൾ പെട്ടെന്ന് സ്വരൂപിക്കാൻ ബുദ്ധിമുട്ടുള്ള രക്ഷകർത്താക്കൾക്ക് സമ്പാദ്യ പദ്ധതി വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കോവിഡ് കാലത്ത് ഒട്ടേറെ വീട്ടുകാർക്ക് പദ്ധതി വലിയൊരു ആശ്വാസമായിരുന്നു എന്ന അനുഭവമാണ് മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിലെ പദ്ധതി നടത്തിപ്പ് ചുമതലയുള്ള അധ്യാപകൻ രഞ്ജിത്ത് പറയുന്നത്. പ്ലസ് ടു കഴിഞ്ഞ് പോകുമ്പോൾ 40,000 ത്തിനടുത്ത് തുക നിക്ഷേപം ഉണ്ടായിരുന്ന വിദ്യാർത്ഥികളും സ്കൂളിൽ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.